മലപ്പുറം: പേരാമ്പ്രയിലെ വിവാദ അനൗൺസ്മെന്റിൽ എൽ.ഡി.എഫിനെതിരെ രൂക്ഷവിമർശനവുമായി മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. കേവലം നാലു വോട്ടിനുവേണ്ടി ഇത്തരം വർഗീയ പ്രചാരണങ്ങൾ നടത്തുന്നത് സമൂഹത്തിൽ വലിയ വിടവുണ്ടാക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. തെരഞ്ഞെടുപ്പ് കഴിഞ്ഞാലും മാറ്റാൻ കഴിയാത്ത വിധം മനസ്സിനെ ഭിന്നിപ്പിക്കുന്ന രീതിയാണിത്. മതം പറഞ്ഞു വോട്ട് വാങ്ങുന്ന പാരമ്പര്യം യുഡിഎഫിനില്ലെന്നും തങ്ങൾ വ്യക്തമാക്കി.
യുഡിഎഫ് സ്ഥാനാർഥി അഡ്വ. ഫാത്തിമ തഹ്ലിയക്കെതിരെ 'നമ്മുടെ വോട്ട് നമ്മുടെ ഖൗമിലെ കുട്ടിക്ക്' എന്ന രീതിയിൽ വർഗീയ പ്രചാരണം നടത്തിയെന്ന പരാതിയിൽ എൽഡിഎഫ് സ്ഥാനാർഥി ടി.പി. രാമകൃഷ്ണന് ഡെപ്യൂട്ടി കളക്ടർ നോട്ടീസ് അയച്ചു. മാതൃകാ പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടിയാണ് നടപടി.
അതേസമയം, സംഭവത്തിൽ തെറ്റുപറ്റിയെങ്കിൽ തിരുത്തുമെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും ടി.പി. രാമകൃഷ്ണൻ പ്രതികരിച്ചു. മതം പറഞ്ഞു വോട്ടുപിടിക്കുന്നത് എൽ.ഡി.എഫ് രീതിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എൽഡിഎഫിന്റെ പ്രചാരണ വാഹനത്തിൽനിന്ന് റെക്കോഡ് ചെയ്ത ശബ്ദരേഖയിലൂടെയാണ് വിവാദ പരാമർശം ഉയർന്നത്. മുസ്‍ലിം വീടുകളിൽ പോയി വോട്ട് ചോദിക്കാൻ വർഗീയമായ ഭാഷ ലീഗ് ഉപയോഗിക്കുന്നു എന്നായിരുന്നു അനൗൺസ്മെന്റിലെ ആരോപണം. ഇത് വടകരയിലെ 'കാഫിർ' സ്ക്രീൻഷോട്ട് വിവാദത്തിന് സമാനമായ ഗൂഢാലോചനയാണെന്നാണ് യു.ഡി.എഫ് പക്ഷം ആരോപിക്കുന്നത്.