വേങ്ങര: വർഗീയ ശക്തികളുടെ കടന്നുകയറ്റം തടയാനും യു.ഡി.എഫിനെ അധികാരത്തിലേറ്റാനും ലക്ഷ്യമിട്ട് വേങ്ങര, ഊരകം പഞ്ചായത്തുകളിൽ പ്രചാരണം ശക്തമാക്കാൻ വെൽഫെയർ പാർട്ടി തീരുമാനിച്ചു. യു.ഡി.എഫ് സ്ഥാനാർത്ഥി കെ എം ഷാജിയുടെ വിജയത്തിനായി ഇരു പഞ്ചായത്തുകളിലെയും പ്രവർത്തകർ സജീവമായി രംഗത്തിറങ്ങും.
കേരളത്തിൽ ആർ.എസ്.എസ് - ബി.ജെ.പി കടന്നുകയറ്റം തടയുന്നതിൽ എൽ.ഡി.എഫ് പരാജയമാണെന്നും, ഭരണത്തുടർച്ചയ്ക്കായി വർഗീയ ശക്തികളുമായി ഒത്തുതീർപ്പ് നടത്തുന്ന എൽ.ഡി.എഫിനെ പരാജയപ്പെടുത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും വെൽഫെയർ പാർട്ടി പഞ്ചായത്ത് കമ്മിറ്റി പ്രസ്താവിച്ചു. യു.ഡി.എഫിന്റെ വിജയം ഉറപ്പാക്കാൻ ജനങ്ങൾ മുന്നോട്ടുവരണമെന്ന് യോഗം ആഹ്വാനം ചെയ്തു.
പ്രചാരണത്തിന്റെ ഭാഗമായി പഞ്ചായത്തുകളിലെ മുഴുവൻ വാർഡുകളിലും ലഘുലേഖ വിതരണം ചെയ്യും. കൂടാതെ വോട്ടർമാരെ നേരിൽ കണ്ട് സംസാരിക്കുന്നതിനായി കുടുംബ യോഗങ്ങൾ സംഘടിപ്പിക്കാനും തീരുമാനമായിട്ടുണ്ട്.
മണ്ഡലം കമ്മിറ്റി ഓഫീസിൽ ചേർന്ന പ്രത്യേക യോഗത്തിൽ വെൽഫെയർ പാർട്ടി ജില്ലാ കമ്മിറ്റി അംഗം ദാമോദരൻ പനക്കൽ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ബഷീർ പുല്ലമ്പലവൻ അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് കുഞ്ഞാലി മാസ്റ്റർ പി.പി, ഊരകം പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് അലി ചാലിൽ, മണ്ഡലം സെക്രട്ടറി അഷ്‌റഫ് പാലേരി എന്നിവർ സംസാരിച്ചു.
യൂസുഫ് കുറ്റാളൂർ, റഹീം ബാവ, ഹംസ എം.പി, പരീക്കുട്ടി, കുഞ്ഞിമൊയ്‌ദീൻ ഗാന്ധിക്കുന്നു തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. പഞ്ചായത്ത് സെക്രട്ടറി കുട്ടി മോൻ സ്വാഗതവും അലവി എം.പി നന്ദിയും പറഞ്ഞു.