തിരുരങ്ങാടി: താഴെചിനയിൽ വീട് പൊളിക്കുന്നതിനിടെയുണ്ടായ അപകടത്തിൽ തമിഴ്‌നാട് സ്വദേശി മരിച്ചു. തമിഴ്‌നാട് സ്വദേശിയായ രാമസ്വാമി (60) ആണ് മരിച്ചത്. താഴെചിനയിൽ പഴയ കെട്ടിടം പൊളിക്കുന്നതിനിടെയായിരുന്നു ദാരുണമായ സംഭവം.
വീടിന്റെ കോൺക്രീറ്റ് സ്ലാബ് പൊളിച്ചുമാറ്റുന്നതിനിടെ അപ്രതീക്ഷിതമായി രാമസ്വാമിയുടെ മേൽ തകർന്നു വീഴുകയായിരുന്നു. കൂടെയുണ്ടായിരുന്ന തൊഴിലാളികളും നാട്ടുകാരും ചേർന്ന് ഉടൻ തന്നെ ഇദ്ദേഹത്തെ സ്ലാബിനടിയിൽ നിന്നും പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
നിലവിൽ മൃതദേഹം തിരുരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടം നടത്തും. സംഭവത്തിൽ പോലീസ് കൂടുതൽ വിവരങ്ങൾ ശേഖരിച്ചു വരികയാണ്.