രോഗികളുടെ ചിത്രം കാട്ടി പണപ്പിരിവ്; വാഹനത്തിൽ കറങ്ങുന്ന സംഘത്തെ നാട്ടുകാർ പിടികൂടി

തൃപ്രങ്ങോട് : കാരുണ്യപ്രവർത്തനങ്ങളുടെ മറവിൽ ജനങ്ങളെ കബളിപ്പിച്ച് പണം തട്ടുന്നതെന്ന് കരുതുന്ന സംഘം തൃപ്രങ്ങോട് പഞ്ചായത്തിലെ കൈനിക്കരയിൽ പിടിയിലായി. രോഗികളുടെ ചിത്രം പതിച്ച ഫ്ലക്സ് ബോർഡുകളും ഉച്ചഭാഷിണി സംവിധാനങ്ങളുമായി വാഹനത്തിലെത്തി പണപ്പിരിവ് നടത്തിയിരുന്ന സംഘത്തെയാണ് നാട്ടുകാർ തടഞ്ഞുവെച്ച് പോലീസിൽ ഏൽപ്പിച്ചത്. വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.

കൈനിക്കര പ്രദേശത്തെ വീടുകൾ കേന്ദ്രീകരിച്ച് ഒരു വാഹനം അനൗൺസ്‌മെന്റിലൂടെ പണപ്പിരിവ് നടത്തിവരികയായിരുന്നു. ചികിത്സാസഹായം ആവശ്യമുണ്ടെന്ന് വിശ്വസിപ്പിക്കുന്ന രീതിയിലുള്ള ചിത്രങ്ങളും വിവരണങ്ങളുമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. എന്നാൽ ഇവരുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ യുവാക്കൾ വാഹനം തടഞ്ഞുനിർത്തി ചോദ്യംചെയ്യുകയായിരുന്നു.


ചികിത്സയിലുള്ള രോഗിയെക്കുറിച്ചോ ചികിത്സ നടത്തുന്ന ആശുപത്രിയെക്കുറിച്ചോ കൃത്യമായ വിവരങ്ങൾ നൽകാൻ വാഹനത്തിലുണ്ടായിരുന്നവർക്ക് കഴിഞ്ഞില്ല.

ചോദ്യംചെയ്യൽ തുടരുന്നതിനിടെ ഇവർ പരസ്പരവിരുദ്ധമായ കാര്യങ്ങൾ പറയാൻ തുടങ്ങി. നാട്ടുകാർ സംഘടിക്കുന്നത് കണ്ടതോടെ, വാഹനത്തിലുണ്ടായിരുന്ന ഒരാൾ പിരിച്ചെടുത്ത പണമടങ്ങിയ ബക്കറ്റ് ഉപേക്ഷിച്ച് ഓടിരക്ഷപ്പെട്ടു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് തിരൂർ പോലീസ് സ്ഥലത്തെത്തി.

വാഹനത്തിന്റെ ഡ്രൈവറെയും പണപ്പിരിവിന് സഹായിയായിരുന്ന മറ്റൊരാളെയും പോലീസ് കസ്റ്റഡിയിലെടുത്തു. ഇവർ ഉപയോഗിച്ചിരുന്ന വാഹനവും കസ്റ്റഡിയിലെടുത്തു. വാഹനത്തിന് ആവശ്യമായ രേഖകൾ ഇല്ലായിരുന്നുവെന്ന് തിരൂർ പോലീസ് പറഞ്ഞു. മാസങ്ങൾക്ക് മുൻപ് തൊട്ടടുത്ത പ്രദേശമായ പൊയിലിശ്ശേരിയിലും സമാനമായ രീതിയിൽ വ്യാജ പണപ്പിരിവ് നടന്നിരുന്നു.

അന്ന് പിടിയിലായവരും സമാനമായ രീതിയിലായിരുന്നു തട്ടിപ്പ് നടത്തിയിരുന്നത്. ഇത്തരം വ്യാജസംഘങ്ങൾ വർധിച്ചുവരുന്നത് യഥാർത്ഥത്തിൽ സഹായം അർഹിക്കുന്ന രോഗികൾക്ക് ലഭിക്കേണ്ട സഹായങ്ങളെ ദോഷകരമായി ബാധിക്കുന്നുണ്ടെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}