തിരൂർ: എൽഡിഎഫ് വൻ ഭൂരിപക്ഷത്തോടെ മൂന്നാം തവണയും അധികാരത്തിൽ വരുമെന്ന് തിരൂർ നിയോജകമണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി മന്ത്രി വി. അബ്ദുറഹിമാൻ പറഞ്ഞു. പൊറൂർ എ എം എൽ പി സ്കൂൾ 57 ആം നമ്പർ ബൂത്തിൽ വോട്ട് രേഖപ്പെടുത്തി കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. യുഡിഎഫ് വികസനം ചർച്ച ചെയ്യാതെ ദുരാരോപണങ്ങൾ ഉന്നയിച്ചുകൊണ്ട് വ്യക്തിഹത്യ നടത്താനാണ് ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു.
കള്ളക്കഥകൾ മെനഞ്ഞുണ്ടാക്കാൻ പ്രത്യേക ട്രെയിനിങ് കിട്ടിയ വിഭാഗം തന്നെ യുഡിഎഫ് രംഗത്ത് ഇറക്കിയിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പൊറൂരിലെ 57, 58 ബൂത്തുകളിൽ രാവിലെ തന്നെ സമ്മതിദായകരുടെ നീണ്ട ക്യൂ ആയിരുന്നു. ക്യൂവിൽ കുറച്ചുനേരം നിന്നു പിന്നീട് അനുമതി വാങ്ങി മന്ത്രി നേരിട്ട് പോയി വോട്ട് രേഖപ്പെടുത്തുകയായിരുന്നു.
മണ്ഡലത്തിലെ വിവിധ ബൂത്തുകളിലും നല്ല പോളിംഗ് ആണ് നടക്കുന്നത്. ആദ്യത്തെ ഒരു മണിക്കൂർ പിന്നിട്ടപ്പോൾ 10% ത്തിൽ കൂടുതൽ ആളുകൾ വോട്ട് രേഖപ്പെടുത്തി.