മലപ്പുറം: കേരളത്തില്‍ യുഡിഎഫ് അധികാരത്തിലെത്തിയാല്‍ മുസ്ലിം ലീഗിന് ഉപമുഖ്യമന്ത്രി സ്ഥാനത്തിന് അര്‍ഹതയുണ്ടെന്ന് പാണക്കാട് മുനവറലി ശിഹാബ് തങ്ങള്‍. മുമ്പ് സിഎച്ച് മുഹമ്മദ് കോയയും അവുക്കാദര്‍ കുട്ടി നഹയും ഉപമുഖ്യമന്ത്രിമാരായിരുന്നിട്ടുണ്ട്. പാര്‍ട്ടിക്ക് അര്‍ഹതയുള്ള പദവിയാണത്. എന്നാല്‍ അത് ആവശ്യപ്പെട്ട് ചെയ്ത് ചര്‍ച്ചയ്‌ക്കോ വിവാദത്തിനോ ലീഗ് ഇല്ലെന്ന് പാണക്കാട് മുനവറലി തങ്ങള്‍ വ്യക്തമാക്കി.
മുസ്ലിം ലീഗ് ഒരിക്കലും മതം പറഞ്ഞ് വോട്ടു വാങ്ങിയിട്ടില്ല എന്നും മതം പറഞ്ഞ് വോട്ടു നേടുക ലീഗിന്റെ സമീപനമല്ല എന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല അങ്ങനെ ചെയ്യുന്നത് പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രത്തിന് എതിരുമാണ്. ഇതിനു വിരുദ്ധമായിട്ട് എവിടെയെങ്കിലും ഉണ്ടായിട്ടുണ്ടെങ്കില്‍ അക്കാര്യം അന്വേഷിക്കും. ന്യൂനപക്ഷങ്ങളുടെ സംരക്ഷണം സംബന്ധിച്ച് ജനങ്ങള്‍ യുഡിഎഫിനെയാണ് വിശ്വസിക്കുന്നത്. ന്യൂനപക്ഷങ്ങള്‍ എന്നു പറയുമ്പോള്‍, അവഗണിക്കപ്പെട്ടവര്‍, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ അവരെല്ലാം വിശ്വസിക്കാന്‍ കഴിയുന്നത് യുഡിഎഫാണെന്ന് മനസ്സിലാക്കിയിട്ടുണ്ടെന്നും മുനവറലി തങ്ങള്‍ പറഞ്ഞു.
ലീഗ് പ്രതിസന്ധിയിലാക്കില്ല: കുഞ്ഞാലിക്കുട്ടി
നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് 100 ലേറെ സീറ്റ് ലഭിക്കുമെന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. അതിനുള്ള സാഹചര്യം നിലവിലുണ്ട്. യുഡിഎഫിന് 100 പ്ലസ് സീറ്റ് ലഭിക്കുമെന്ന പ്രതിപക്ഷ നേതാവിന്റെ പ്രസ്താവനയില്‍ അതിശയോക്തിയില്ല. കണക്കുകൂട്ടി തന്നെയാണ് യുഡിഎഫിന്റെ ആത്മവിശ്വാസം. ലീഗിനും അതേ വിലയിരുത്തലാണുള്ളത്. ലീഗ് മത്സരിച്ച പുനലൂരും ചേലക്കരയിലും പോലും ശക്തമായ യുഡിഎഫ് ട്രെന്‍ഡുണ്ടെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മുസ്‌ലീം ലീഗിന് ഉപമുഖ്യമന്ത്രിസ്ഥാനത്തിന് അർഹതയുണ്ടെന്ന മുനവ്വറലി ശിഹാബ് തങ്ങളുടെ പരാമർശം യുഡിഎഫില്‍ വരാനിരിക്കുന്ന വിവാദങ്ങള്‍ക്കാണ് വഴി തുറക്കുന്നത്. ഇപ്പോള്‍ അത്തരം കാര്യങ്ങള്‍ ചർച്ച ചെയ്യേണ്ട എന്ന് പറഞ്ഞ് മുതിർന്ന നേതാവ് പി കെ കുഞ്ഞാലിക്കുട്ടി സാഹചര്യം ലഘൂകരിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും മന്ത്രിസ്ഥാനം മുസ്‌ലീം ലീഗിനുള്ളില്‍ നിന്ന് ഉയരുന്ന ആവശ്യമാണെന്ന് വ്യക്തമാണ്.
തിരഞ്ഞെടുപ്പ് ഫലം വരുന്നതിനു മുൻപേ ഇക്കാര്യങ്ങള്‍ ചർച്ചയാകുന്നത് ഒഴിവാക്കാനാണ് ലീഗ് നേതൃത്വം ശ്രമിക്കുന്നത്.