വേങ്ങര: കല്ലക്കയം ബണ്ടിൽ നിന്നും നടത്തിവന്നിരുന്ന കാർഷിക ജലസേചനം താൽകാലികമായി നിർത്തിവെച്ചു. പറപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് പറമ്പത്ത്, വേങ്ങര ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സുബൈർ മാസ്റ്റർ എന്നിവരുടെ നേതൃത്വത്തിൽ ഇറിഗേഷൻ അസിസ്റ്റന്റ് എഞ്ചിനീയറെ (AE) നേരിൽ കണ്ട് നിവേദനം നൽകിയതിനെത്തുടർന്നാണ് നടപടി.
പ്രദേശത്തെ നിലവിലെ സാഹചര്യം ജനപ്രതിനിധികൾ അസിസ്റ്റന്റ് എഞ്ചിനീയറെ നേരിട്ട് ബോധ്യപ്പെടുത്തി. നിവേദനം സ്വീകരിച്ച എഞ്ചിനീയർ, ജനപ്രതിനിധികളുടെ സാന്നിധ്യത്തിൽ തന്നെ പമ്പിങ്ങ് അടിയന്തരമായി നിർത്തിവെക്കാൻ ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകുകയായിരുന്നു.
വേനൽക്കാലത്തെ ജലലഭ്യതയുമായി ബന്ധപ്പെട്ട ആശങ്കകൾ പരിഗണിച്ചാണ് ഈ ഇടപെടൽ. വരും ദിവസങ്ങളിൽ ജലസേചനം പുനരാരംഭിക്കുന്നത് സംബന്ധിച്ച് വിശദമായ പരിശോധനകൾക്ക് ശേഷം തീരുമാനമെടുക്കും.