വേങ്ങര: ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി മഞ്ചേരിയുടെയും തിരൂരങ്ങാടി ലീഗൽ സർവീസസ് കമ്മിറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ വേങ്ങര സായംപ്രഭാ ഹോമിൽ വയോജനങ്ങൾക്ക് നിയമ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. വയോജനങ്ങളുടെ ക്ഷേമത്തിനായി നടപ്പിലാക്കുന്ന “വയോ നന്മ” പദ്ധതിയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.
വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.ടി. അബുൽ നാസർ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സബ്ന ഇബ്രാഹിം അധ്യക്ഷത വഹിച്ച ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫാത്തിമ ജലീൽ മുഖ്യാതിഥിയായി പങ്കെടുത്തു.
വയോജനങ്ങൾ അറിഞ്ഞിരിക്കേണ്ട വിവിധ നിയമങ്ങളെയും അവകാശങ്ങളെയും കുറിച്ച് അഡ്വ. ജിനു റാഷിഖ് ക്ലാസിന് നേതൃത്വം നൽകി. ചടങ്ങിൽ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ടി.വി. മൊയ്തീൻ, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സാദിഖ് എന്നിവർ സംസാരിച്ചു.
വാർഡ് മെമ്പർമാരായ അച്യുതൻ, ഷകീല തൂമ്പിൽ, ജംഷിയ ചീരങ്ങൻ, സായംപ്രഭാ കെയർഗീവർ ഇബ്രാഹിം എ.കെ., പി.എൽ.വി. വിജിമോൾ തുടങ്ങിയവർ പരിപാടിക്ക് ആശംസകൾ നേർന്നു. വയോജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും അവർക്ക് നിയമസഹായം ഉറപ്പാക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾ കൂടുതൽ ഊർജിതമാക്കുമെന്ന് അധികൃതർ അറിയിച്ചു.