വേങ്ങര: മൂന്ന് വർഷത്തെ കഠിനമായ പരിശ്രമത്തിലൂടെ വിശുദ്ധ ഖുർആൻ മുഴുവനായും മനപ്പാഠമാക്കി (ഹിഫ്ള്) വേങ്ങര സ്വദേശിയായ പതിനഞ്ചുകാരൻ അപൂർവ്വ നേട്ടം കൈവരിച്ചു. വേങ്ങര ചേറൂർ റോഡ് മനാറുൽഹുദാ അറബിക്കോളേജ് ക്യാമ്പസിൽ പ്രവർത്തിക്കുന്ന 'സാദ് ഖുർആൻ അക്കാദമി & റെസിഡെൻഷ്യൽ സ്കൂൾ' വിദ്യാർത്ഥിയായ പി.കെ. മുഹമ്മദ് ഷബൂബാണ് ഈ അതുല്യ നേട്ടത്തിന് അർഹനായത്. മനാറുൽഹുദാ ക്യാമ്പസിൽ നിന്നും ഹിഫ്ള് പൂർത്തിയാക്കുന്ന ഒമ്പതാമത്തെ വിദ്യാർത്ഥിയാണ് ഷബൂബ്.
മലപ്പുറം സ്വദേശികളായ പി.കെ. മൊയ്തീൻ ബാവ - എൻ. നജ്മത്ത് ദമ്പതികളുടെ മകനാണ് ഈ മിടുക്കൻ. നിലവിൽ ഊരകം മർകസുൽ ഉലൂം ഹയർസെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി കൂടിയാണ് മുഹമ്മദ് ഷബൂബ്.
ഷബൂബിന്റെ ഹിഫ്‌ള് പൂർത്തീകരണത്തോടനുബന്ധിച്ചുള്ള അനുമോദന സദസ്സും ഖുർആൻ സനദ് ദാന മഹാ സമ്മേളനവും നാളെ (തിങ്കളാഴ്ച) വേങ്ങരയിൽ വെച്ച് നടക്കും. മനാറുൽഹുദ ക്യാമ്പസിൽ പ്രത്യേകം സജ്ജമാക്കിയ പന്തലിൽ രാവിലെ 10 മണിക്കാണ് പരിപാടികൾ ആരംഭിക്കുക.
ചടങ്ങിൽ കെ.എൻ.എം. സംസ്ഥാന പ്രസിഡന്റ് ടി.പി. അബ്ദുല്ലക്കോയ മദനി, സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. ഹുസൈൻ മടവൂർ, ജില്ലാ പ്രസിഡന്റ് ഷറഫുദ്ദീൻ തെയ്യംബാട്ടിൽ, പി.കെ. മുഹമ്മദ് നസീം, നസീറുദ്ദീൻ റഹ്മാനി, ബാദുഷ ബാക്കവി തുടങ്ങിയ പ്രമുഖ വ്യക്തിത്വങ്ങൾ സംബന്ധിക്കും. തുടർന്ന് ഉച്ചഭക്ഷണത്തോടെ ഉച്ചയ്ക്ക് ഒന്നിന് സമ്മേളനം സമാപിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.