കെ.എസ്.ആർ.ടി.സിയിൽ സ്ത്രീകൾക്കുള്ള സൗജന്യയാത്ര നടപ്പായാൽ കോർപറേഷന് കോടികളുടെ നഷ്ടമുണ്ടാകുമെന്ന് കണക്കുകൾ. പ്രതിദിനം കെ.എസ്.ആർ.ടി.സിയെ ആശ്രയിക്കുന്നത് 25 മുതൽ 29 ലക്ഷം യാത്രക്കാരാണ്. ഇതിൽ 19 മുതൽ 20 ലക്ഷം വരെ സ്ത്രീ യാത്രക്കാരാണ്.
ശരാശരി 7 മുതൽ 10 കോടിയോളം പ്രതിദിന വരുമാനമാണ് കെ.എസ്.ആർ.ടി.സിക്ക് ലഭിക്കുന്നത്. ഇതിൽ സ്ത്രീയാത്രക്കാരുടെ സംഭാവന 4 മുതൽ 6 കോടി വരെയാണ്. ഒരുമാസം സൗജന്യം നൽകുമ്പോൾ 150 കോടി രൂപയോളം ടിക്കറ്റ് വരുമാനം നഷ്‌ടമാകും. 2,000 കോടി രൂപയോളം പ്രതിവർഷം നഷ്ടമുണ്ടാകും. ഇത് കെ.എസ്.ആർ.ടി.സിയുടെ മുന്നോട്ടുള്ള പ്രവർത്തനത്തെ സാരമായി ബാധിക്കുമെന്നാണ് സാമ്പത്തികവിദഗ്‌ധർ ചൂണ്ടിക്കാട്ടുന്നത്. സൗജന്യയാത്ര പ്രഖ്യാപിക്കുന്നതോടെ സ്ത്രീ യാത്രക്കാരുടെ എണ്ണത്തിലുണ്ടാകുന്ന വർധനവിന് അനുസരിച്ച് സർക്കാർ തുക വകയിരുത്തണമെന്നാണ് ജീവനക്കാരുടെ ആവശ്യം.
അതേസമയം, കഴിഞ്ഞമാസവും കോർപറേഷൻ 225 കോടി രൂപയുടെ വരുമാനം നേടി.
ടിക്കറ്റിതര വരുമാനം കൂടി ഉൾപ്പെടെയുള്ള തുകയാണിത്.
പ്രതിദിനം ശരാശരി 7.53 കോടിയുടെ ടിക്കറ്റ് വരുമാനം ഉണ്ടായിട്ടുണ്ട്.