കനത്ത വേനൽച്ചൂടിനെ തുടർന്ന് കോഴി ഉത്പാദനത്തിൽ വലിയ കുറവുണ്ടായതോടെ സംസ്ഥാനത്ത് ചിക്കൻ വില കുതിച്ചുയരുന്നു. ഒരാഴ്ചയ്ക്കിടെ മാത്രം കോഴിയിറച്ചിക്ക് കിലോയ്ക്ക് 50 രൂപയുടെ വർദ്ധനവാണ് രേഖപ്പെടുത്തിയത്. നിലവിൽ വിപണിയിൽ ഒരു കിലോ കോഴിയിറച്ചിക്ക് 240 രൂപ മുതൽ 250 രൂപ വരെയാണ് ഈടാക്കുന്നത്.
ജീവനുള്ള കോഴിക്ക് (ലൈവ് ചിക്കൻ) കിലോയ്ക്ക് 160 മുതൽ 165 രൂപ വരെ നൽകണം. ഓരോ പ്രദേശങ്ങളിലെയും പ്രാദേശിക ഫാമുകളിലെ കോഴിലഭ്യത അനുസരിച്ച് വിലയിൽ നേരിയ ഏറ്റക്കുറച്ചിലുകൾ ദൃശ്യമാണ്.
കുടുംബശ്രീയുടെ കേരള ചിക്കൻ ഔട്ട്‌ലെറ്റുകളിൽ ഇന്നലെ ലൈവ് ചിക്കന് കിലോയ്ക്ക് 158 രൂപയായിരുന്നു നിരക്ക്. എന്നാൽ, തെക്കൻ ജില്ലകളിൽ ഇത് 170 രൂപ വരെ ഉയർന്നിട്ടുണ്ട്.
അസഹനീയമായ ചൂട് കാരണം മലപ്പുറം ജില്ലയിലെ വലിയൊരു പങ്ക് ഫാമുകളും കോഴികളെ വളർത്തുന്നത് താൽക്കാലികമായി നിർത്തിവെച്ചിരുന്നു. ഇതിന് പുറമെ കേരളത്തിലേക്ക് പ്രധാനമായും കോഴികളെ എത്തിക്കുന്ന തമിഴ്‌നാട്, ആന്ധ്ര, കർണ്ണാടക എന്നീ അയൽസംസ്ഥാനങ്ങളിലും ഉത്പാദനം കുറഞ്ഞത് തിരിച്ചടിയായി.
കനത്ത ചൂട് മൂലം കോഴികൾ കൂട്ടത്തോടെ ചാവുന്നതും തീറ്റയെടുക്കുന്നത് കുറയുന്നതുമാണ് കർഷകരെ വലയ്ക്കുന്നത്.
സാധാരണ കാലാവസ്ഥയിൽ രണ്ടര കിലോ വരെ തൂക്കം ലഭിക്കുന്ന കോഴികൾക്ക് വേനൽക്കാലത്ത് രണ്ട് കിലോയിൽ താഴെ മാത്രമാണ് തൂക്കം ലഭിക്കുന്നത്. നിലവിൽ കൂടിയ വിലയ്ക്ക് കോഴിക്കുഞ്ഞുങ്ങളെ വാങ്ങി, 40 ദിവസത്തോളം തീറ്റയും മരുന്നും നൽകി പരിചരിക്കുന്ന കർഷകർക്ക് തൂക്കക്കുറവ് കാരണം കാര്യമായ വരുമാനം ലഭിക്കുന്നില്ല.
കേരളത്തിൽ നിലവിലെ സാഹചര്യത്തിൽ ഒരു കിലോ കോഴി ഉത്പാദിപ്പിക്കാൻ 110 മുതൽ 130 രൂപ വരെ ചെലവ് വരുന്നുണ്ട്.
ചിക്കനും മീനിനും പുറമെ വിപണിയിൽ പച്ചക്കറികൾക്കും ഇപ്പോൾ പൊള്ളുന്ന വിലയാണ്. ഒരാഴ്ചയ്ക്കിടെയാണ് പച്ചക്കറി വിലയിൽ വലിയ വർദ്ധനവുണ്ടായത്.
കനത്ത ചൂടിൽ തമിഴ്നാട്ടിലും കർണ്ണാടകയിലും ഉത്പാദനം കുറഞ്ഞതോടെ തക്കാളി വില കിലോയ്ക്ക് 40-45 രൂപയായി ഉയർന്നു. വിപണിയിൽ നീളൻ പയറിന് കിലോയ്ക്ക് 75 രൂപയും കൈപ്പയ്ക്കയ്ക്ക് 60 രൂപയുമാണ് വില. വെണ്ടയ്ക്ക- 50, പടവലം- 45-50, വഴുതനങ്ങ- 45-50, കാബേജ്- 40 എന്നിങ്ങനെയാണ് മറ്റ് പച്ചക്കറികളുടെ നിരക്കുകൾ.
അതേസമയം, വലിയ ഉള്ളി (45 രൂപ), ചെറിയ ഉള്ളി (65-70 രൂപ) എന്നിവയ്ക്ക് വിപണിയിൽ നിലവിൽ കാര്യമായ വില വർദ്ധനവ് ഉണ്ടായിട്ടില്ല.
സംസ്ഥാനത്ത് മഴക്കാലം നേരത്തെ എത്തുകയും ചൂടിന് ആശ്വാസമാവുകയും ചെയ്തതോടെ വരും ദിവസങ്ങളിൽ ഫാമുകളിൽ കോഴി ഉത്പാദനം വർദ്ധിക്കുമെന്നാണ് പ്രതീക്ഷ. ഉത്പാദനം സാധാരണ നിലയിലാകുന്നതോടെ അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ തന്നെ ചിക്കൻ വിലയിൽ കാര്യമായ കുറവുണ്ടാകുമെന്ന് ചില്ലറ വിൽപ്പനക്കാർ പ്രത്യാശ പ്രകടിപ്പിക്കുന്നത്.