മന്ത്രി കെ.എം. ഷാജിയെ അധിക്ഷേപിച്ച പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി; സന്ദേശം വാട്സ്ആപ്പ് ഗ്രൂപ്പിൽ

കാസർകോട്: മന്ത്രി കെ.എം. ഷാജിയെ സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിച്ച പൊലീസ് ഉദ്യോഗസ്ഥനെതിരെ വകുപ്പുതല നടപടിക്ക് നീക്കം. കാസർകോട് ജില്ലയിലെ വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷനിലെ സി.പി.ഒ സുജിത്താണ് വിവാദമായ വാട്സ്ആപ്പ് സന്ദേശം പങ്കുവെച്ചത്. സംഭവത്തിൽ റിപ്പോർട്ട് ലഭിച്ചതായും ഉദ്യോഗസ്ഥനെതിരെ കർശന നടപടിയുണ്ടാകുമെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

മന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങ് കഴിഞ്ഞ് ഏതാനും മണിക്കൂറുകൾക്കുള്ളിലാണ് ജില്ലയിലെ പ്രമുഖ പൊലീസ് ഉദ്യോഗസ്ഥർ അടക്കമുള്ള 'പൊലീസ് ഫ്രണ്ട്‌സ്' എന്ന അനൗദ്യോഗിക വാട്സ്ആപ്പ് ഗ്രൂപ്പിൽ സുജിത്ത് ഈ കുറിപ്പ് പോസ്റ്റ് ചെയ്തത്. ചടങ്ങിലേക്ക് പിണറായി വിജയൻ എത്തുന്ന ദൃശ്യങ്ങൾക്കൊപ്പമായിരുന്നു അധിക്ഷേപ പരാമർശങ്ങളടങ്ങിയ സന്ദേശം.

സന്ദേശത്തിലെ ആരോപണങ്ങൾ ഇങ്ങനെ:
കെ.എം. ഷാജി ഒരു വർഗീയവാദിയാണെന്നും ഉറക്കത്തിൽ പോലും ‘മതമാണ് പ്രശ്‌നം’ എന്ന് പറയുന്ന ആളാണെന്നുമാണ് സുജിത് കുറിപ്പിൽ ആരോപിക്കുന്നത്. സത്യപ്രതിജ്ഞാ ചടങ്ങിനിടെ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മുമ്പിൽനിന്ന് ഒഴിഞ്ഞുമാറാൻ ഷാജി ശ്രമിച്ചതായും സുജിത്ത് കുറ്റപ്പെടുത്തുന്നു.

"മൈക്ക് കെട്ടി അണികളുടെ മുന്നിൽ തെറി വിളിച്ച് ആളാകാൻ ഏതവനും പറ്റും ഷാജിയെ. ആ മനുഷ്യന്റെ (പിണറായി വിജയൻ) മുന്നിൽ നിവർന്ന് നിൽക്കാൻ നിന്റെ മുട്ടുവിറക്കും. നീ നിന്ന് വിറയ്ക്കാൻ പോകുന്നതേയുള്ളൂ..." - സുജിത്തിന്റെ വാട്സ്ആപ്പ് സന്ദേശത്തിൽ പറയുന്നു.

മുമ്പ് പിണറായി വിജയന്റെ നേതൃത്വത്തിൽ എൽ.ഡി.എഫ് സർക്കാർ സത്യപ്രതിജ്ഞ ചെയ്തപ്പോൾ യു.ഡി.എഫ് അത് ബഹിഷ്‌കരിച്ചിരുന്നുവെന്നും, എന്നാൽ പിണറായി വിജയൻ ജനാധിപത്യ മര്യാദ കാണിക്കുന്ന വ്യക്തിയാണെന്നും കുറിപ്പിൽ അവകാശപ്പെടുന്നുണ്ട്. ചടങ്ങിൽ മുഖ്യമന്ത്രി എല്ലാവരുമായും സൗഹൃദം പങ്കിടുമ്പോൾ, മന്ത്രി കെ.എം. ഷാജി മുഖത്ത് തൂവാല വെച്ച് അവിടെ നിന്ന് 'മുങ്ങാൻ' ശ്രമിച്ചെന്നാണ് സുജിത്തിന്റെ ആരോപണം. ചടങ്ങിലെത്തിയ കോൺഗ്രസ്, കേരള കോൺഗ്രസ് നേതാക്കളെയും രാജീവ് ചന്ദ്രശേഖർ, എൻ.കെ. പ്രേമചന്ദ്രൻ എന്നിവരെയും പിണറായി വിജയൻ സ്വീകരിക്കുന്നത് ചൂണ്ടിക്കാണിച്ചാണ് ഷാജിക്കെതിരെയുള്ള ഈ പരാമർശം.

പൊലീസ് ഉദ്യോഗസ്ഥന്റെ ഈ വിവാദ സന്ദേശം നിലവിൽ സേനയ്ക്കുള്ളിലും സമൂഹമാധ്യമങ്ങളിലും വലിയ ചർച്ചയായിട്ടുണ്ട്. ഔദ്യോഗിക പദവിയിലിരിക്കുന്ന ഒരാൾ പരസ്യമായി രാഷ്ട്രീയ-വർഗീയ പരാമർശങ്ങൾ നടത്തി മന്ത്രിയെ അധിക്ഷേപിച്ചതിനെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നാണ് ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കിയിട്ടുള്ളത്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}