പരപ്പനങ്ങാടി: പാലത്തിങ്ങൽ കീരനല്ലൂർ ന്യൂ കട്ടിൽ പുതുതായി നിർമ്മിക്കുന്ന പാലത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് പ്രദേശത്തുണ്ടായ വെള്ളപ്പൊക്ക ഭീഷണി വിലയിരുത്താൻ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു. പാലത്തിന്റെ പൈലിങ് പ്രവൃത്തികൾ നിർത്തിവെച്ചതു മൂലം വരാനിരിക്കുന്ന മഴക്കാലത്ത് പരിസരപ്രദേശങ്ങളിൽ കടുത്ത വെള്ളപ്പൊക്കമുണ്ടാകുമെന്ന് ചൂണ്ടിക്കാട്ടി കേരള ഡെവലപ്മെന്റ് ഫോറം ഭാരവാഹികൾ ബ്രിഡ്ജസ് എൻജിനീയർക്ക് പരാതി നൽകിയിരുന്നു.
ഫോറം ഭാരവാഹികളായ സെക്രട്ടറി അബ്ദുൽ റഹീം പൂക്കത്ത് തിരൂരങ്ങാടി, അബ്ദുൽ അസീസ് കടലുണ്ടി, നസറുദ്ദീൻ തങ്ങൾ കൊട്ടന്തല, സുബൈർ പി.പി. എന്നിവർ നൽകിയ പരാതിയെ തുടർന്ന് പാലം പണി പുനരാരംഭിച്ചിരുന്നു. എന്നാൽ മഴക്കാലം നേരത്തെ എത്താനുള്ള സാധ്യത കണക്കിലെടുത്താണ് പൊതുമരാമത്ത് ബ്രിഡ്ജസ് അസിസ്റ്റന്റ് എൻജിനീയർ വിരാജ് കുമാറിന്റെ നേതൃത്വത്തിൽ അടിയന്തരമായി സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയത്. മനുഷ്യാവകാശ പ്രവർത്തകരായ അബ്ദുൽ റഹീം പൂക്കത്ത് തിരൂരങ്ങാടി, നസറുദ്ദീൻ തങ്ങൾ കൊട്ടന്തല എന്നിവരുടെ നേതൃത്വത്തിൽ സംയുക്തമായാണ് ഈ പരിശോധന നടത്തിയത്.
നിലവിലുള്ള ചെറിയ പാലത്തിനോട് ചേർന്ന്, പുഴയുടെ പടിഞ്ഞാറ് ഭാഗത്താണ് ഇപ്പോൾ പൈലിങ് പ്രവൃത്തികൾ ആരംഭിച്ചിട്ടുള്ളത്. മഴക്കാലം ശക്തമാകുന്നതിന് മുൻപ് പുഴയിലെ പൈലിങ് ജോലികൾ പൂർത്തീകരിക്കേണ്ടതുണ്ട്. കൂടാതെ, നിലവിൽ നീരൊഴുക്ക് തടസ്സപ്പെടുത്തുന്ന രീതിയിൽ അശാസ്ത്രീയമായി നിർമ്മിച്ചിട്ടുള്ള തടയണ അടിയന്തരമായി നീക്കം ചെയ്യുന്നതിനെക്കുറിച്ചും ഉദ്യോഗസ്ഥരും ജനപ്രതിനിധികളും വിശദമായ പരിശോധന നടത്തി.
ഫോട്ടോ: കീരനല്ലൂർ ന്യൂ കട്ടിൽ പുതിയ പാലം നിർമ്മാണം ഉയർത്തുന്ന വെള്ളപ്പൊക്ക ഭീഷണി സംബന്ധിച്ച പരാതിയെ തുടർന്ന് അസി. എഞ്ചിനിയർ വിരാജ് കുമാറിന്റെ നേതൃത്വത്തിൽ സ്ഥലപരിശോധന നടത്തുന്നു.