ന്യൂഡൽഹി: രാജ്യത്ത് പെട്രോൾ, ഡീസൽ, പാചകവാതകം എന്നിവയുടെ വില വർധിപ്പിച്ചേക്കും. പശ്ചിമേഷ്യൻ സംഘർഷങ്ങളെ തുടർന്ന് ആഗോള വിപണിയിൽ അസംസ്‌കൃത എണ്ണവില കുത്തനെ ഉയർന്നതാണ് വിലവർധിപ്പിക്കാൻ സർക്കാറിനെ നിർബന്ധിതരാക്കിയത്.
പെട്രോൾ, ഡീസൽ വിലയിൽ ലിറ്ററിന് നാലു മുതൽ അഞ്ചു രൂപ വരെയും ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക (എൽ.പി.ജി) സിലിണ്ടറിന് 40 മുതൽ 50 രൂപ വരെയും വർധനവുണ്ടായേക്കാം. സർക്കാർ ഇത് അംഗീകരിക്കുകയാണെങ്കിൽ, ഏകദേശം നാല് വർഷത്തിന് ശേഷമാകും രാജ്യത്ത് ഇന്ധനവിലയിൽ വർധനയുണ്ടാകുന്നത്. വില വർധനവിന്റെ കാര്യത്തിൽ കേന്ദ്ര സർക്കാർ അന്തിമ തീരുമാനം എടുത്തിട്ടില്ലെങ്കിലും, ഒരാഴ്ചക്കുള്ളിൽ ഇക്കാര്യത്തിൽ വ്യക്തതയുണ്ടാകുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
എണ്ണക്കമ്പനികൾ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനും അതേസമയം വിലക്കയറ്റം പൊതുജനങ്ങളെ ബാധിക്കാതിരിക്കാനും ഉള്ള ശ്രമത്തിലാണ് സർക്കാർ. നേരത്തെ, ഇന്ധനവില വർധിപ്പിക്കുമെന്ന വാർത്തകൾ കേന്ദ്ര സർക്കാർ തള്ളിക്കളഞ്ഞിരുന്നു.