കൂരിയാട്: ദേശീയപാത 66ൽ
കുരിയാട്ട് തകർന്ന ആറുവരിപ്പാതയ്ക്കു പകരം നിർമിച്ച വയഡക്ടിന്റെ നിർമാണം പൂർത്തിയായി.
പാലത്തിലൂടെ ഗതാഗതം അനുവദിക്കുന്നതിനു മുന്നോടിയായി അവസാനഘട്ട പ്രവൃത്തികളാണ് നടക്കുന്നത്. രണ്ടാഴ്ചയ്ക്കകം പാലം ഗതാഗതത്തിനു തുറന്നുകൊടുക്കാനാകുമെന്ന് കെഎൻആർസി അധികൃതർ പറഞ്ഞു.
കൂരിയാട് അടിപ്പാത മുതൽ, കൂരിയാട് തോടിനു മുകളിലെ ആദ്യ പാലം വരെയുള്ള 380 മീറ്റർ നീളത്തിൽ, ഇരുഭാഗത്തേക്കും മൂന്നു വരിയുള്ള രണ്ടു ഭാഗങ്ങളായാണ് വയഡക്ട് നിർമിച്ചി രിക്കുന്നത്. 30 മീറ്റർ നീളവും 24 തൂണുകളും വീതമുള്ള 13 സ്പാനുകളുണ്ട്. സ്പാനുകളുടെ നിർമാണവും റോഡിലെ ടാറിങ്ങും പിർത്തിയായി.
തൃശൂർ ഭാഗത്തേക്കുള്ള റോഡിൽ ഏതാനും മീറ്റർ പ്രവൃത്തിയാണ് ബാക്കിയുള്ളത്. റോഡുകൾക്കു നടുവിൽ 10 മീറ്ററോളം കോൺക്രീറ്റ് ഭിത്തിയുടെ പ്രവൃത്തിയും ബാക്കിയുണ്ട്. തൃശൂർ ഭാഗത്തേക്കുള്ള റോഡിൽ തെരുവുവിളക്കുകൾ സ്ഥാപിച്ചു കഴിഞ്ഞു. കോഴിക്കോട് ഭാഗത്തേക്കുള്ളത് സ്‌ഥാപിക്കുന്നുണ്ട്.
40 അടി ഉയരത്തിൽ ഇരുഭാഗത്തും ഭിത്തി കെട്ടി ഇതിൽ മണ്ണു നിറച്ച് നിർമിച്ചിരുന്ന ആറുവരിപ്പാത 2025 മേയ് 19ന് ആണ് തകർന്നത്. ഇടയിൽ നിറച്ച മണ്ണിന്റെ ഭാരം താങ്ങാനാകാതെ ഭിത്തി തകർന്നു മണ്ണു നീങ്ങിയാണ് റോഡ് തകർന്നതെന്നായിരുന്നു കണ്ടെത്തൽ. ആറുവരിപ്പാതയും തൃശൂർ ഭാഗത്തേക്കുള്ള സർവീസ് റോഡും തകർന്നിരുന്നു. തുടർന്ന് വിദഗ്‌ധ സമിതി പരിശോധിച്ചാണ് വയഡക്ട് നിർമിക്കാൻ നിർദേശിച്ചത്.