തിരൂരങ്ങാടി: ഡിജിറ്റൽ റീസർവ്വെയിലെ അപാകതകൾ മൂലം തിരൂരങ്ങാടി വില്ലേജിൽ ഒരു മാസത്തിലേറെയായി നിലനിന്നിരുന്ന ഭൂനികുതി പ്രതിസന്ധിക്ക് ഒടുവിൽ പരിഹാരമായി. ശനിയാഴ്ച (02-05-2026) ഉച്ചയ്ക്ക് 12:30-ഓടെ സോഫ്റ്റ്‌വെയറിലെ തകരാറുകൾ പരിഹരിച്ചതായും നികുതി സ്വീകരിച്ചു തുടങ്ങിയതായും വില്ലേജ് ഓഫീസർ രാജേഷ് അറിയിച്ചു.
ഡിജിറ്റൽ റീസർവ്വെയുമായി ബന്ധപ്പെട്ട് റവന്യൂ വിഭാഗം സോഫ്റ്റ്‌വെയറിൽ രേഖപ്പെടുത്തിയതിലെ പിഴവാണ് തിരിച്ചടിയായത്. നഗരസഭ പരിധിയിലുള്ള പ്രദേശം സർവ്വെ രേഖകളിൽ 'പഞ്ചായത്ത്' എന്ന് തെറ്റായി രേഖപ്പെടുത്തിയതായിരുന്നു പ്രധാന തടസ്സം. ഇത് കാരണം ഭൂമി രജിസ്ട്രേഷൻ, പോക്കുവരവ്, മറ്റ് റവന്യൂ രേഖകൾ എന്നിവ ലഭ്യമാകാതെ ജനങ്ങൾ ആഴ്ചകളോളം ദുരിതത്തിലായിരുന്നു. മാർച്ച് 31-നകം നികുതി അടച്ച് തീർക്കേണ്ടവർക്കും ഈ അപാകത മൂലം അതിന് സാധിച്ചിരുന്നില്ല.
പരിഹരിക്കണമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശ പ്രവർത്തകനായ അബ്ദുൽ റഹീം പൂക്കത്ത് ലാൻഡ് റവന്യൂ കമ്മീഷണർക്ക് നൽകിയ പരാതിയാണ് നടപടികൾ വേഗത്തിലാക്കിയത്. പരാതിയെത്തുടർന്ന് അസിസ്റ്റൻറ് ഡയറക്ടർ മധു ഉത്തരവിടുകയും, ഫയലുകൾ അടിയന്തരമായി തിരുത്തുന്നതിനായി പാലക്കാട് എൻ.ഐ.സി (NIC) ലേക്ക് കൈമാറുകയും ചെയ്തിരുന്നു.
സാങ്കേതിക തടസ്സങ്ങൾ നീങ്ങിയതോടെ വില്ലേജ് ഓഫീസിൽ സാധാരണ നിലയിൽ നികുതി സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്. ദീർഘനാളായി മുടങ്ങിക്കിടന്ന ഭൂമി ഇടപാടുകൾക്കും സർട്ടിഫിക്കറ്റുകൾക്കുമായി കാത്തിരുന്ന നൂറുകണക്കിന് ആളുകൾക്ക് ഈ നടപടി വലിയ ആശ്വാസമായി.