മലപ്പുറം: സംസ്ഥാനത്ത് മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട് മുസ്ലീം ലീഗിൽ പ്രാഥമിക ധാരണയായി. മന്ത്രിമാരുടെ എണ്ണം, വകുപ്പുകൾ, മറ്റ് സുപ്രധാന പദവികൾ എന്നിവ സംബന്ധിച്ച ഏകദേശ രൂപമാണ് പാർട്ടി നേതൃത്വം തയ്യാറാക്കിയിരിക്കുന്നത്. അഞ്ച് മന്ത്രിസ്ഥാനങ്ങൾ വേണമെന്നതാണ് പാർട്ടിയുടെ ഔദ്യോഗിക നിലപാടെങ്കിലും മുന്നണി സാഹചര്യം പരിഗണിച്ച് വിട്ടുവീഴ്ചകൾക്കും ലീഗ് തയ്യാറായേക്കും.
കഴിഞ്ഞ സർക്കാരുകളിൽ ലീഗ് കൈകാര്യം ചെയ്തിരുന്ന വിദ്യാഭ്യാസ വകുപ്പ് വിട്ടുനൽകാൻ പാർട്ടി സന്നദ്ധത അറിയിച്ചതായാണ് സൂചന. കോൺഗ്രസ് ഈ വകുപ്പിനായി നിർബന്ധം പിടിച്ചാൽ പകരം ആരോഗ്യ വകുപ്പോ റവന്യൂ വകുപ്പോ ആവശ്യപ്പെടാനാണ് ലീഗ് തീരുമാനം. 63 എം.എൽ.എമാരുമായി വലിയ വിജയമുറപ്പിച്ച കോൺഗ്രസ് കൂടുതൽ മന്ത്രിസ്ഥാനങ്ങൾ ആവശ്യപ്പെട്ടാൽ ലീഗിന്റെ മന്ത്രിമാരുടെ എണ്ണം നാലായി ചുരുങ്ങിയേക്കാം. ഇത്തരമൊരു സാഹചര്യത്തിൽ ഡെപ്യൂട്ടി സ്പീക്കർ പദവിയും ചീഫ് വിപ്പ് സ്ഥാനവും ലീഗ് വിട്ടുചോദിക്കും.
ലീഗ് മന്ത്രിമാരുടെ പട്ടികയിൽ ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി തന്നെയാകും ഒന്നാമൻ. അദ്ദേഹം തന്നെയാകും പാർലമെന്ററി പാർട്ടി നേതാവും. മലപ്പുറം ജില്ലയിൽ നിന്ന് കുഞ്ഞാലിക്കുട്ടിക്ക് പുറമെ വേങ്ങരയിൽ നിന്ന് വിജയിച്ച കെ.എം. ഷാജിക്കാണ് കൂടുതൽ സാധ്യത കൽപ്പിക്കപ്പെടുന്നത്. പാലക്കാട് ജില്ലയിൽ നിന്ന് മണ്ണാർക്കാട് എം.എൽ.എ എൻ. ഷംസുദ്ദീൻ മന്ത്രിസഭയിലെത്തുമെന്ന് ഏകദേശം ഉറപ്പായിട്ടുണ്ട്. ഏറനാട് എം.എൽ.എ പി.കെ. ബഷീറാണ് അടുത്ത പരിഗണനയിലുള്ളത്. എന്നാൽ കോഴിക്കോട് ജില്ലയ്ക്ക് പ്രാതിനിധ്യം നൽകാൻ തീരുമാനിച്ചാൽ കുറ്റ്യാടിയിൽ നിന്ന് വിജയിച്ച പാറക്കൽ അബ്ദുള്ള മന്ത്രിയാകും.
അഞ്ചാം മന്ത്രിസ്ഥാനം ലഭിക്കുകയാണെങ്കിൽ കാസർകോട് ജില്ലയിൽ നിന്നുള്ള എ.കെ.എം. അഷ്റഫിന് നറുക്കുവീഴും. മറിച്ച് നാല് മന്ത്രിമാരിലേക്ക് എണ്ണം ചുരുങ്ങിയാൽ അഷ്റഫിന് ഡെപ്യൂട്ടി സ്പീക്കർ അല്ലെങ്കിൽ ചീഫ് വിപ്പ് സ്ഥാനം നൽകും. മുതിർന്ന നേതാവായ ഡോ. എം.കെ. മുനീറിനെ ഭരണപരിഷ്കാര കമ്മീഷൻ ചെയർമാനാക്കണമെന്ന ആവശ്യവും ലീഗ് യു.ഡി.എഫിന് മുന്നിൽ വെക്കും.
ഉപമുഖ്യമന്ത്രി സ്ഥാനത്തിനായുള്ള ആഗ്രഹം പാർട്ടി നേതൃത്വത്തിനുണ്ടെങ്കിലും അക്കാര്യത്തിൽ കടുത്ത സമ്മർദ്ദം ചെലുത്തി മുന്നണിയിൽ അസ്വാരസ്യങ്ങൾ ഉണ്ടാക്കാൻ ലീഗ് ആഗ്രഹിക്കുന്നില്ല. യു.ഡി.എഫിൽ പൊതുവായ സമവായം ഉണ്ടായാൽ മാത്രം ഈ ആവശ്യത്തിൽ ഉറച്ചുനിൽക്കാനാണ് പാർട്ടി തീരുമാനം.