തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന്റെ കാരണങ്ങൾ വിശകലനം ചെയ്ത് ഇടതുമുന്നണി. യു.ഡി.എഫിന് അനുകൂലമായി സംസ്ഥാനത്ത് ന്യൂനപക്ഷ വോട്ടുകളുടെ വലിയ തോതിലുള്ള ഏകീകരണമുണ്ടായെന്നും ഇത് മുൻകൂട്ടി തിരിച്ചറിയുന്നതിൽ മുന്നണി നേതൃത്വത്തിന് വീഴ്ച പറ്റിയെന്നും യോഗം വിലയിരുത്തി. ന്യൂനപക്ഷങ്ങൾക്കൊപ്പം തന്നെ ഭൂരിപക്ഷ വോട്ടുകളിലും വലിയ ചോർച്ചയുണ്ടായതാണ് തിരിച്ചടിയുടെ ആഘാതം വർദ്ധിപ്പിച്ചത്.
ലോക്സഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ ഭൂരിപക്ഷ സമുദായങ്ങളെ ഒപ്പം നിർത്താൻ നടത്തിയ നീക്കങ്ങൾ ന്യൂനപക്ഷ വിഭാഗങ്ങളെ മുന്നണിയിൽ നിന്ന് അകറ്റാൻ കാരണമായതായി ഘടകകക്ഷികൾ ചൂണ്ടിക്കാട്ടി. എന്നാൽ ഇത്തരം നീക്കങ്ങൾ നടത്തിയിട്ടും ശബരിമല സ്വർണ്ണക്കൊള്ള വിവാദങ്ങൾ ഉയർന്നതോടെ പ്രതീക്ഷിച്ചിരുന്ന ഭൂരിപക്ഷ വോട്ടുകൾ കൂടി കൈവിട്ടുപോകുന്ന സാഹചര്യമാണുണ്ടായത്. ഭൂരിപക്ഷ വോട്ടുകളിൽ ഉണ്ടായ ചോർച്ചയുടെ ഒരു പങ്ക് ബി.ജെ.പിയിലേക്കാണ് ഒഴുകിയത്.
ന്യൂനപക്ഷ വിരുദ്ധ പരാമർശങ്ങൾ തുടർച്ചയായി നടത്തുന്ന വെള്ളാപ്പള്ളി നടേശനെ സി.പി.എം സംരക്ഷിക്കുന്നു എന്ന തോന്നൽ ജനങ്ങൾക്കിടയിലുണ്ടാക്കിയത് വലിയ പ്രഹരമായെന്ന് സി.പി.ഐ യോഗത്തിൽ വിമർശിച്ചു. ന്യായീകരിക്കാൻ കഴിയാത്ത പ്രസ്താവനകൾ വെള്ളാപ്പള്ളി നടത്തിയിട്ടും അതിനെതിരെ ശക്തമായ നിലപാടെടുക്കാൻ സി.പി.എം തയ്യാറായില്ല. ഇത് ന്യൂനപക്ഷ വിഭാഗങ്ങൾക്കിടയിൽ ഇടതുമുന്നണിയോടുള്ള വിശ്വാസം തകരാൻ പ്രധാന കാരണമായെന്നും സി.പി.ഐ ചൂണ്ടിക്കാട്ടി. എന്നാൽ, ന്യൂനപക്ഷ വോട്ടുകൾ ഏകീകരിക്കപ്പെട്ടുവെന്ന വാദം കൺവീനർ ടി.പി. രാമകൃഷ്ണൻ യോഗത്തിൽ അംഗീകരിച്ചില്ല.
മുന്നണിയിലെ പാർട്ടി കമ്മിറ്റികളെ മാത്രമല്ല, പൊതുജനങ്ങളെയും താഴെത്തട്ടിലുള്ള പ്രവർത്തകരെയും തുറന്ന മനസ്സോടെ കേൾക്കാൻ നേതൃത്വം തയ്യാറാകണമെന്ന് യോഗത്തിൽ പൊതുവായ അഭിപ്രായമുയർന്നു. പത്തു വർഷത്തെ ഭരണവിരുദ്ധ വികാരം മറികടക്കാൻ യു.ഡി.എഫ് കടുത്ത രാഷ്ട്രീയ തന്ത്രങ്ങളാണ് പയറ്റിയത്. ഇത് പ്രതിരോധിക്കാൻ ജനകീയമായ തിരുത്തലുകൾ അനിവാര്യമാണെന്ന് യോഗം വിലയിരുത്തി.
സി.പി.ഐ നേതൃയോഗത്തിൽ മുഖ്യമന്ത്രിക്കെതിരെ രൂക്ഷമായ വിമർശനങ്ങൾ ഉയർന്നിരുന്നെങ്കിലും, മുന്നണി യോഗത്തിൽ ബിനോയ് വിശ്വം വ്യക്തിപരമായ കടന്നാക്രമണങ്ങൾക്ക് മുതിർന്നില്ല. തിരഞ്ഞെടുപ്പ് പരാജയത്തെക്കുറിച്ച് ഓരോ ഘടകകക്ഷികളും വിശദമായ പരിശോധന നടത്തിയ ശേഷം ജൂൺ 15-ന് വീണ്ടും യോഗം ചേർന്ന് തുടർനടപടികൾ തീരുമാനിക്കും.