കൊണ്ടോട്ടി: ഭക്തിയുടെയും മതസാഹോദര്യത്തിന്റെയും പരിമളം പകർന്ന് കൊണ്ടോട്ടി നേർച്ച സമാപിച്ചു. കൊടി തോരണങ്ങളും വാദ്യഘോഷങ്ങളാലും പ്രൗഢമായ തട്ടാൻ പെട്ടിവരവ് നേർച്ചയുടെ അവസാനദിനത്തെ ഉത്സവച്ഛായയിലാഴ്ത്തി.
സ്വാമിമഠത്തിൽ നിന്നുള്ള തട്ടാൻ പെട്ടിവരവിനെ തങ്ങളുടെ പ്രതിനിധിയായി ഷാനു ഇഷ്തിയാഖ് കുതിരപ്പുറത്തെത്തി സ്വീകരിച്ച് കുബ്ബയിലേക്ക് ആനയിച്ചു. വാദ്യഘോഷങ്ങളും കൊടിതോരണങ്ങളും കൊഴുപ്പേകിയ പെട്ടിവരവ് കാണാൻ സ്ത്രീകളും കുട്ടികളുമടക്കം ആയിരങ്ങൾ റോഡരികിൽ മണിക്കൂറുകൾക്ക് മുൻപേ സ്ഥാനംപിടിച്ചിരുന്നു. ഭയഭക്തി സാന്ദ്രമായ കുത്തുറാത്തിബും പെട്ടിവരവിനെ ആകർഷകമാക്കി.
തട്ടാൻപെട്ടിവരവ് കുബ്ബയിലെത്തിയതിനുശേഷം നേർച്ചയുടെ അടുത്ത ചടങ്ങായ ചന്ദനമെടുക്കൽ കർമം തുടങ്ങി. തക്കിയയിൽനിന്ന് സ്ഥാനികനും പരിവാരങ്ങളും വലിയമാളിേയക്കൽ വീട്ടിലെത്തി പ്രാർഥന നടത്തിയശേഷം അരച്ച ചന്ദനം തളികയിലാക്കി തലയിലേന്തി കൊടിമരം വലയംചെയ്തശേഷം കുബ്ബയിലേക്ക് പോയി. തുടർന്ന് കുബ്ബയിൽ ലോകസമാധാനത്തിനായി പ്രത്യേക പ്രാർഥനയും സിൽസില പാരായണവും നടന്നു.
കൊണ്ടോട്ടി നേർച്ചയ്ക്ക് സമാപനമായി കുബ്ബയിൽ മൂന്നുതവണ നകാരം മുഴങ്ങുകയും കട്ടകുത്തിപ്പാടത്ത് മൂന്നു തവണ കതിനകൾ ഗർജിക്കുകയും മുരീദൻമാരുടെ പെട്ടിവരുമായെത്തിയവരും ഉപചാരംചൊല്ലി പിരിയുകയും ചെയ്തതോടെ ഈ വർഷത്തെ നേർച്ചയ്ക്ക് സമാപനമായി. നേർച്ചയുടെ പ്രസാദമായ മരീദയും ചക്കരച്ചോറും വിതരണംചെയ്തു.
സ്ഥാനികൻ കെ.ടി. റഹ്‌മാൻ തങ്ങൾ, നിയുക്തസ്ഥാനികൻ കുഞ്ഞുമോൻ തങ്ങൾ, ഹനീഫ തങ്ങൾ, ശിഹാബ് തങ്ങൾ, റഫീഖലി തങ്ങൾ, പുതിയറക്കൽ സലിം, പി. അബ്ദുറഹ്‌മാൻ, അഷ്‌റഫ് മടാൻ തുടങ്ങിയവർ നേതൃത്വംനൽകി.