വേങ്ങര: നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് നേടിയ ഉജ്ജ്വല വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ചുകൊണ്ട് വെൽഫെയർ പാർട്ടി വേങ്ങര മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വേങ്ങര ടൗണിൽ പ്രകടനം നടത്തി. സിനിമ ഹാൾ പരിസരത്തു നിന്നും ആരംഭിച്ച പ്രകടനത്തിൽ നിരവധി പ്രവർത്തകർ പങ്കെടുത്തു.
ഇടത് മുന്നണിയും ആർ.എസ്.എസും തമ്മിലുള്ള രാഷ്ട്രീയ ധാരണകളെ തകർത്തെറിഞ്ഞ കേരള ജനതയ്ക്ക് അഭിവാദ്യങ്ങൾ അർപ്പിക്കുന്ന മുദ്രാവാക്യങ്ങൾ പ്രകടനത്തിൽ മുഴങ്ങിക്കേട്ടു. വർഗീയ ധ്രുവീകരണ ശ്രമങ്ങൾക്കെതിരെയുള്ള ജനവിധിയാണ് ഈ വിജയമെന്ന് പ്രകടനത്തിന് ശേഷം നടന്ന യോഗത്തിൽ നേതാക്കൾ അഭിപ്രായപ്പെട്ടു.
വെൽഫെയർ പാർട്ടി ജില്ലാ സെക്രട്ടറി കെ.എം.എ ഹമീദ്, മണ്ഡലം പ്രസിഡന്റ് കുഞ്ഞാലി മാസ്റ്റർ, അഷ്‌റഫ് പാലേരി എന്നിവർ സംസാരിച്ചു. തിരഞ്ഞെടുപ്പിൽ ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച വോട്ടർമാരെ നേതാക്കൾ അഭിനന്ദിച്ചു.
ആഹ്ലാദ പ്രകടനത്തിന് കുട്ടിമോൻ സി, ബഷീർ പുല്ലമ്പലവൻ, നജീബ് കെ, ഹമീദ് കെ.വി, യൂസുഫ് കുറ്റാളൂർ, ഹനീഫ കെ, മുനീർ എ.പി, അൻവർ സാദത്ത് എം, സിദ്ധീഖ് എ.കെ, വാസു പി, സക്കീന യു, റസിയ ടി, ഷാക്കിറ യു, മുബീന എന്നിവർ നേതൃത്വം നൽകി.