മക്ക: വിശുദ്ധ ഹജ്ജ് കർമ്മങ്ങൾക്ക് രണ്ടാഴ്ച മാത്രം ബാക്കിനിൽക്കെ, ഇന്ത്യയിൽ നിന്നുള്ള തീർത്ഥാടക പ്രവാഹം മക്കയിലേക്ക് തുടരുന്നു. രാജ്യത്തെ 17 എംബാർക്കേഷൻ പോയിന്റുകൾ വഴി ഇതിനോടകം ഭൂരിഭാഗം ഹാജിമാരും വിശുദ്ധ നഗരത്തിൽ എത്തിച്ചേർന്നു. ജിദ്ദ, മദീന വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ചാണ് നിലവിൽ സർവീസുകൾ നടന്നുവരുന്നത്. ഇതിൽ മദീന വഴിയുള്ള സർവീസുകൾ കഴിഞ്ഞ ദിവസം പൂർത്തിയായി.
മദീനയിലെത്തി സന്ദർശനം പൂർത്തിയാക്കിയ തീർത്ഥാടകർ ഇപ്പോൾ മക്കയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. ഇനി ജിദ്ദ വിമാനത്താവളം വഴി മാത്രമായിരിക്കും ഹാജിമാരുടെ വരവ്. മെയ് 22 വരെ ജിദ്ദയിലേക്കുള്ള വിമാന സർവീസുകൾ തുടരും. ഇതുവരെ 300 വിമാനങ്ങളിലായി 90,011 ഇന്ത്യൻ ഹാജിമാരാണ് സൗദി അറേബ്യയിലെത്തിയത്.
സൗദി എയർലൈൻസിൽ ജിദ്ദയിലെ ഒന്നാം നമ്പർ ടെർമിനൽ വഴി എത്തുന്ന 12,000-ത്തോളം തീർത്ഥാടകർക്ക് ഹറമൈൻ അതിവേഗ ട്രെയിൻ മാർഗമാണ് മക്കയിലേക്ക് യാത്രയൊരുക്കുന്നത്. മറ്റുള്ളവർ ഹജ്ജ് സർവീസ് കമ്പനികൾ ഏർപ്പെടുത്തിയ പ്രത്യേക ബസുകളിലാണ് മക്കയിലെ താമസസ്ഥലങ്ങളിലേക്ക് എത്തുന്നത്.
കേരളത്തിൽ നിന്നുള്ള ഹാജിമാരിൽ 11,000-ത്തിലധികം പേർ ഇതിനകം മക്കയിലെത്തിക്കഴിഞ്ഞു. കണ്ണൂരിൽ നിന്നുള്ള സർവീസുകൾ ബുധനാഴ്ചയോടെ പൂർത്തിയാകും. കോഴിക്കോട് നിന്നുള്ള തീർത്ഥാടകരുടെ യാത്ര മെയ് 14 മുതൽ 17 വരെയാണ് ക്രമീകരിച്ചിരിക്കുന്നത്. കൊച്ചിയിൽ നിന്ന് ഇനി മൂന്ന് വിമാനങ്ങൾ കൂടി സർവീസ് നടത്താനുണ്ട്. മെയ് 17, 18, 19 തീയതികളിലായി ഈ സർവീസുകൾ കൂടി പൂർത്തിയാകുന്നതോടെ മെയ് 19-ന് മുഴുവൻ മലയാളി ഹാജിമാരും മക്കയിലെത്തും.
സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ നെടുമ്പാശ്ശേരി വഴി യാത്ര തിരിച്ച ലക്ഷദ്വീപിൽ നിന്നുള്ള 107 പേരും മക്കയിലെത്തിയിട്ടുണ്ട്. ഒരു ഹജ്ജ് ഇൻസ്പെക്ടറും സംഘത്തോടൊപ്പമുണ്ട്. വരും ദിവസങ്ങളിൽ ജിദ്ദ വഴി എത്തുന്ന തീർത്ഥാടകരെ സ്വീകരിക്കാനുള്ള വിപുലമായ സജ്ജീകരണങ്ങളാണ് മക്കയിൽ ഒരുക്കിയിരിക്കുന്നത്.