തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ ഇഡി റെയിഡ്. പിണറായി വിജയന്റെ മകൾ വീണയുമായി ബന്ധപ്പെട്ട മാസപ്പടിക്കേസിലാണ് റെയ്ഡ് എന്നാണ് പ്രാഥമിക വിവരം. തിരുവനന്തപുരം ബേക്കറി ജംഗ്ഷനിൽ ഉള്ള വീട്ടിൽ ഇന്ന് രാവിലെ മുതലാണ് റെയിഡ് ആരംഭിച്ചത്. പിണറായിയുടെ കണ്ണൂരിലെ വീട്ടിലും സിഎംആർഎൽ കൊച്ചി ഓഫീസിലും പരിശോധന നടക്കുന്നു.
പരിശോധന നടക്കുന്ന സമയത്ത് പിണറായി വിജയനും കുടുംബാംഗങ്ങളും വീട്ടിലുണ്ടെന്നാണ് വിവരം. എസ്എഫ്ഐഒ നേരത്തെ ഈ കേസിൽ അന്വേഷണം നടത്തിവരികയായിരുന്നു. സിഎംആർഎൽ ഹൈക്കോടതിയിൽ സമർപ്പിച്ച ഹരജി കഴിഞ്ഞ ദിവസം തള്ളിയതിന് പിന്നാലെയാണ് ഇഡി പരിശോധനയുമായി മുന്നോട്ട് പോയിരിക്കുന്നത്.
വീണാ വിജയൻ സിഎംആർഎല്ലിൽ നിന്ന് സേവനങ്ങൾ നൽകാതെ പണം കൈപ്പറ്റിയെന്ന ആരോപണമാണ് ഈ കേസിനാധാരം. രാവിലെ മുതൽ ആരംഭിച്ച റെയ്ഡിൽ കേന്ദ്രസേനയുടെ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്