മലപ്പുറം: എസ്.എസ്.എൽ.സി പരീക്ഷയിൽ 100% വിജയം കൈവരിച്ച ഐ.യു.എച്ച്.എസ്.എസ് (IUHSS) സ്കൂളിന് സിറാജ് ദിനപത്രത്തിന്റെ മികച്ച സ്കൂളിനുള്ള പുരസ്കാരം. മലപ്പുറത്ത് വെച്ച് നടന്ന സിറാജ് 'എജ്യുവെ കരിയർ എക്സ്പോ' വേദിയിൽ വെച്ച് വിദ്യാഭ്യാസ മന്ത്രി അഡ്വ. സംഷുദ്ദീനിൽ നിന്നും ഐ.യു.എച്ച്.എസ്.എസ് ഹെഡ്മാസ്റ്റർ പി. ഹസൈൻ മാസ്റ്റർ അവാർഡ് ഏറ്റുവാങ്ങി.
എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥികളെയും നൂറു ശതമാനം വിജയം കൈവരിച്ച വിദ്യാലയങ്ങളെയും ആദരിക്കുന്നതിനായി സിറാജ് ദിനപത്രം സംഘടിപ്പിച്ച പ്രത്യേക ചടങ്ങിലാണ് പുരസ്കാരം സമ്മാനിച്ചത്.
എം.പി അബ്ദുസമദ് സമദാനി ചടങ്ങ് ഉദ്ഘാടനം ചെയ്തു. സിറാജ് മലപ്പുറം യൂണിറ്റ് മാനേജർ ജമാൽ കരുളായി അധ്യക്ഷത വഹിച്ച ചടങ്ങിൽ വിദ്യാഭ്യാസ മന്ത്രി അഡ്വ. സംഷുദ്ദീൻ മുഖ്യപ്രഭാഷണം നടത്തി.
ടി.പി അഷ്റഫലി എം.എൽ.എ, ജില്ലാ കളക്ടർ ഇൻ ചാർജ് സി.എസ് രാജേഷ് ഐ.എ.എസ്, അസിസ്റ്റന്റ് കളക്ടർ ദിലീപ് കൈനിക്കര എന്നിവർ ചടങ്ങിൽ വിശിഷ്ടാതിഥികളായി പങ്കെടുത്തു. പ്രമുഖ മോട്ടിവേഷൻ സ്പീക്കർ ജോസഫ് അന്നകുട്ടി ജോസ്, സിറാജ് മാനേജിങ് എഡിറ്ററും സംസ്ഥാന ഓർഫനേജ് കൺട്രോൾ ബോർഡ് ചെയർമാനുമായ എൻ. അലി അബ്ദുള്ള, സിറാജ് ജനറൽ മാനേജർ ടി.കെ അബ്ദുൽ ഗഫൂർ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.