തിരുവനന്തപുരത്തുനിന്ന് ദില്ലിയിലേക്കുള്ള രാജധാനി എക്‌സ്പ്രസില്‍ വന്‍ തീപിടിത്തം. ഞായറാഴ്ച പുലര്‍ച്ചെ അഞ്ചോടെ രാജസ്ഥാനിലെ കോട്ടയ്ക്ക് സമീപത്ത് വെച്ചാണ് അപകടം.
ആളപായമില്ലെന്നാണ് പ്രാഥമിക വിവരം.
ബി1 എസി കോച്ച്, എന്‍ജിന്‍ എന്നിവയ്ക്കാണ് തീപിടിച്ചത്. കോച്ച് പൂര്‍ണമായി കത്തിയമര്‍ന്നു. യാത്രക്കാരുടെ ലഗേജുകളും കത്തിനശിച്ചു. തീപിടിത്തം ശ്രദ്ധയില്‍പ്പെട്ട ഉടന്‍ യാത്രക്കാരെ ഒഴിപ്പിച്ചതിനാല്‍ വന്‍ അപകടം ഒഴിവാകുകയായിരുന്നു. എന്‍ജിനില്‍നിന്ന് ബോഗികള്‍ വേര്‍പെടുത്തി. വെള്ളിയാഴ്ചയാണ് തിരുവനന്തപുരത്തുനിന്ന് ട്രെയിന്‍ പുറപ്പെട്ടത്. ഞായറാഴ്ച രാവിലെ 6.45നാണ് ട്രെയിന്‍ കോട്ട സ്റ്റേഷനില്‍ എത്തേണ്ടിയിരുന്നത്. തീപിടിത്തം ഉണ്ടായതിനെത്തുടര്‍ന്ന് ട്രെയിന്‍ നിര്‍ത്തിയിട്ടിരിക്കുകയാണ്. മലയാളികള്‍ ഏറെ ആശ്രയിക്കുന്ന ട്രെയിനാണ് രാജധാനി എക്‌സ്പ്രസ്. അപകടസമയം നിരവധി മലയാളി യാത്രികരും ട്രെയിനില്‍ ഉണ്ടായിരുന്നു.
വിവരമറിഞ്ഞ് ഫയര്‍ ഫോഴ്സ് എത്തി തീയണയക്കാന്‍ ശ്രമിക്കുകയാണ്. സംഭവത്തില്‍ റെയില്‍വേ അന്വേഷണം പ്രഖ്യാപിച്ചു.