വേങ്ങര: വലിയോറ പാടം – കടലുണ്ടി പുഴ വലിയ തോട് നവീകരണവുമായി ബന്ധപ്പെട്ട് വേങ്ങര ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ജനകീയ യോഗം ചേർന്നു. വലിയോറ പാടത്ത് വെച്ച് നടന്ന യോഗത്തിൽ വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.ടി. അബ്ദുൽ നാസർ അധ്യക്ഷത വഹിച്ചു.
തോടിന്റെ നവീകരണവുമായി ബന്ധപ്പെട്ട് അടിയന്തരമായി ക്ലീനിംഗ് പ്രവൃത്തികൾ നടത്താനും, വലിയോറ പാടത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് പുതിയ പ്രോജക്റ്റ് സമർപ്പിക്കാനും യോഗത്തിൽ തീരുമാനമായി. ജനപ്രതിനിധികൾ, പാടശേഖര കമ്മിറ്റി അംഗങ്ങൾ, ഭൂഉടമകൾ, കർഷകർ, പ്രാദേശിക നിവാസികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സാദിഖ് കോടിയാട്ട്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സബ്ന ഇബ്രാഹീം, വാർഡ് മെമ്പർമാരായ ഹനീഫ കെ., എം.പി. അഹ്മദ്, കൈപ്രൻ ഉമ്മർ, മഹ്ബൂബ, ഷകീന തൂമ്പിൽ എന്നിവരും പഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയർ വിദ്യ പി.വി., കൃഷി ഓഫീസർ അർച്ചന, ഇബ്രാഹീം എ.കെ., പാടശേഖര സെക്രട്ടറി ചെള്ളി ബാവ എന്നിവരും യോഗത്തിൽ സംബന്ധിച്ചു.
പ്രദേശത്തെ പ്രമുഖ കർഷകരായ വി.കെ. ഗഫൂർ, ചെള്ളി അവറാൻകുട്ടി, എം.ടി. ഹംസ, ഇ.വി. സൈദലവി ഹാജി, തൂമ്പിൽ പൂച്ചി, തൂമ്പിൽ കുഞ്ഞാവറാൻ തുടങ്ങിയവരും ചർച്ചകളിൽ പങ്കെടുത്തു സംസാരിച്ചു. തോട് നവീകരണം യാഥാർത്ഥ്യമാകുന്നതോടെ പ്രദേശത്തെ കാർഷിക മേഖലയ്ക്കും കുടിവെള്ള പ്രശ്നങ്ങൾക്കും വലിയ പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.