കോട്ടക്കൽ: പുതിയ അധ്യയന വർഷത്തിൽ കോട്ടക്കൽ ഗവൺമെന്റ് രാജാസ് സ്കൂളിലെ വിദ്യാർത്ഥികൾക്ക് പുത്തൻ സമ്മാനമായി സ്കൂൾ ബസ് സൗകര്യം യാഥാർത്ഥ്യമായി. തിരൂർ മണ്ഡലം എം.എൽ.എ.യുടെ സഹായത്തോടെ ലഭ്യമാക്കിയ സ്കൂൾ ബസ്സിന്റെ ഫ്ലാഗ് ഓഫ് കർമ്മം കോട്ടക്കൽ മുനിസിപ്പൽ ചെയർമാൻ കെ.കെ. നാസർ നിർവ്വഹിച്ചു.
സ്കൂൾ വിദ്യാർത്ഥികൾ നേരിടുന്ന യാത്രാക്ലേശങ്ങൾക്ക് പരിഹാരം കാണാൻ സ്കൂൾ പി.ടി.എ.യുടെ നേതൃത്വത്തിൽ ബസ് സൗകര്യം ഒരുക്കാനുള്ള ശ്രമങ്ങൾ വർഷങ്ങൾക്ക് മുൻപേ ആരംഭിച്ചിരുന്നു. മുൻപ് ജില്ലയിലെ മറ്റു ചില ഗവൺമെന്റ് വിദ്യാലയങ്ങൾക്ക് എം.എൽ.എ.മാർ അനുവദിച്ച ബസ്സുകൾ ഉപയോഗിക്കാതെ കിടക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ സ്കൂൾ അധികൃതർ നടത്തിയ നിരന്തരമായ ഇടപെടലുകളാണ് ഇപ്പോൾ വിജയത്തിലെത്തിയിരിക്കുന്നത്.
എം.എൽ.എ., ജില്ലാ കളക്ടർ, വിദ്യാഭ്യാസ വകുപ്പ് എന്നിവരുടെ പ്രത്യേക അനുമതിയോടെയാണ് ഈ ബസ് രാജാസ് സ്കൂളിന് വിട്ടുനൽകാൻ ഉത്തരവായത്. സ്കൂൾ പി.ടി.എ. പ്രസിഡന്റ് വിജയകുമാരൻ മാസ്റ്റർ, ഹെഡ്മിസ്ട്രസ് ബബിത ടീച്ചർ എന്നിവരുടെ നേതൃത്വത്തിൽ അധികൃതർ വാഹനം ഏറ്റുവാങ്ങുകയായിരുന്നു. തുടർന്ന് പി.ടി.എ.യുടെ നേതൃത്വത്തിൽ തന്നെ ബസ്സിന്റെ അറ്റകുറ്റപ്പണികൾ തീർത്ത് പൂർണ്ണമായും ഉപയോഗക്ഷമമാക്കി. തിരൂർ ആർ.ടി.ഒ.യുമായി ബന്ധപ്പെട്ട് വാഹനത്തിന്റെ കുടിശ്ശികകളും ടാക്സും മറ്റ് ഫീസുകളും അടച്ചുതീർക്കുകയും ചെയ്തു.
53 കുട്ടികൾക്ക് ഒരേസമയം യാത്ര ചെയ്യാവുന്ന ഈ ബസ് യാഥാർത്ഥ്യമായത് വിദ്യാർത്ഥികളുടെ യാത്രാക്ലേശത്തിന് വലിയൊരു ആശ്വാസമാകുമെന്ന് ഹെഡ്മിസ്ട്രസ് ബബിത ടീച്ചർ പറഞ്ഞു.
ചടങ്ങിൽ കോട്ടക്കൽ മുനിസിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുലൈമാൻ പാറമ്മൽ, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സാജിദ് മങ്ങാട്ടിൽ, പി.ടി.എ. പ്രസിഡന്റ് വിജയകുമാരൻ മാസ്റ്റർ, ഹെഡ്മിസ്ട്രസ് ബബിത ടീച്ചർ, പ്രിൻസിപ്പൽ ഇൻ ചാർജ് മജീദ് കെ.പി. തുടങ്ങിയവർ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി കെ. മുജീബ് റഹ്മാൻ, അധ്യാപകരായ സജിൽ കുമാർ, വിഷ്ണുരാജ്, മുഹ്സിന, ഷീബ, ദീപ്തി, റസാനത്ത് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.