മുതിർന്ന വനിതകൾക്ക് പെരുന്നാൾ സമ്മാനമായി 'മെഹന്തി രാവ്'; വേങ്ങരയിൽ വേറിട്ട ആഘോഷം

വേങ്ങര: പെരുന്നാൾ ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടാൻ മുതിർന്ന വനിതകൾക്കായി മെഹന്തി നൈറ്റ് ഒരുക്കി വേങ്ങര ഗ്രാമപഞ്ചായത്ത്. വേങ്ങര ഗ്രാമപഞ്ചായത്ത് സായംപ്രഭാ ഹോമും കുടുംബശ്രീയും സംയുക്തമായാണ് മുതിർന്ന വനിതകളുടെ മാനസിക ഉല്ലാസം ലക്ഷ്യമിട്ട് ഈ വേറിട്ട പരിപാടി സംഘടിപ്പിച്ചത്.

പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫാത്തിമ ജലീൽ നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സബ്ന ഇബ്രാഹീം ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പ്രമുഖ മെഹന്തി ആർട്ടിസ്റ്റ് സജ്‌ന ഇസ്മായിൽ പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുത്തു.

രായത്തിന്റെ വേലിക്കെട്ടുകൾക്കപ്പുറം മുതിർന്ന അമ്മമാർക്ക് സന്തോഷവും ഒത്തുചേരലിന്റെ വേളകളും സമ്മാനിക്കാൻ ഇത്തരം കൂട്ടായ്മകൾക്ക് സാധിക്കുമെന്ന് ഭാരവാഹികൾ അഭിപ്രായപ്പെട്ടു.

ചടങ്ങിൽ സി.ഡി.എസ് ചെയർപേഴ്സൺ സജ്‌ന, വാർഡ് മെമ്പർമാരായ എ.കെ മജീദ്, ഹനീഫ കെ, കൈപ്രൻ ഉമ്മർ, ഷകീന തൂമ്പിൽ, ജംസിയ ചീരങ്ങൻ, ഫസീല ഇർഷാദ് എന്നിവരും സായംപ്രഭാ കെയർ ഗീവർ ഇബ്രാഹീം എ.കെ, കുടുംബശ്രീ അക്കൗണ്ടന്റ് ശുഭ, കമ്മ്യൂണിറ്റി കൗൺസിലർ മൃദുല എന്നിവരും ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

വനിതകളുടെ കൈകളിൽ മൈലാഞ്ചി മൊഞ്ചുകൾ വിരിയിക്കാൻ കുടുംബശ്രീ അംഗങ്ങളായ റഫ്‌ന പി, മുഹ്സിന, റമീസ തസ്‌നി, ദിൽസ എ, ഫാത്തിമ മുസ്‌നിയ സി.വി, ഉമ്മുഹബീബ കെ, ദിയ ഫാത്തിമ എന്നിവർ നേതൃത്വം നൽകി. പ്രായ വ്യത്യാസമന്യേ നിരവധി പേർ പങ്കെടുത്ത പരിപാടി മുതിർന്ന വനിതകൾക്ക് ഏറെ ആനന്ദകരമായ അനുഭവമായി മാറി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}