ഒതുക്കുങ്ങൽ: വേനൽമഴയോടൊപ്പമുണ്ടായ ശക്തമായ ഇടിമിന്നലിൽ ഒതുക്കുങ്ങൽ പഞ്ചായത്തിലെ കൈപ്പറ്റയിൽ വീടിന് നാശനഷ്ടം സംഭവിച്ചു. ഒന്നാം വാർഡിലെ കൈപ്പറ്റ സ്വദേശി പുള്ളാടൻ നഫ്സിദിന്റെ 83A നമ്പർ വീടിനാണ് കേടുപാടുകൾ പറ്റിയത്.
ഇന്നലെ വൈകുന്നേരം പെയ്ത കനത്ത മഴയ്ക്കിടെയാണ് അപകടമുണ്ടായത്. ഇടിമിന്നലിന്റെ ആഘാതത്തിൽ വീടിന്റെ കെഎസ്ഇബി മീറ്ററും സർവീസ് വയറും പൂർണ്ണമായും കത്തിനശിച്ചു. കൂടാതെ വീടിന്റെ മറ്റ് ഭാഗങ്ങൾക്കും നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്.
അപകടസമയത്ത് കുടുംബനാഥനായ നഫ്സിദ് മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. അദ്ദേഹം പരിക്കുകളില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. സംഭവത്തെക്കുറിച്ച് കെഎസ്ഇബി അധികൃതരെയും പഞ്ചായത്ത് - വില്ലേജ് ഉദ്യോഗസ്ഥരെയും വിവരമറിയിച്ചിട്ടുണ്ട്. അധികൃതർ സ്ഥലത്തെത്തി നാശനഷ്ടങ്ങൾ വിലയിരുത്തും.