നൂറിലധികം മാമ്പഴങ്ങൾ, ഒരായിരം ഓർമ്മകൾ; വേങ്ങര സായംപ്രഭയിൽ മാമ്പഴ വസന്തം!

വേങ്ങര: വേങ്ങര ഗ്രാമപഞ്ചായത്ത് സായംപ്രഭാ ഹോമിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച 'മാമ്പഴ ഫെസ്റ്റ്' നാട്ടുരുചികളുടെയും ഓർമ്മകളുടെയും സംഗമവേദിയായി. സായംപ്രഭാ ഹോമിലെ മുതിർന്ന അംഗങ്ങൾ തങ്ങളുടെ വീടുകളിൽ നിന്നും പരിസരങ്ങളിൽ നിന്നും ശേഖരിച്ച നൂറിലധികം വൈവിധ്യമാർന്ന മാമ്പഴങ്ങളാണ് പ്രദർശനത്തിൽ അണിനിരത്തിയത്.

ജെമ്പോ റെഡ്, മല്ലിക്ക, നീലം, മൂവാണ്ടൻ, പ്രിയൂർ, ടോട്ടപുരി, ഇമാം പസന്ത്, കൊളമ്പ്, കിളിച്ചുണ്ടൻ, ഉണ്ടമാങ്ങ, കസ്തൂരി മാങ്ങ, പഞ്ചസാരക്കട്ടി, തേൻമാങ്ങ, ചെറുമാങ്ങ, ജഹാംഗീർ, സിന്ധു, മൽഗോവ, ചക്കരക്കുട്ടി തുടങ്ങി അറിയപ്പെടുന്നതും അപൂർവ്വവുമായ മാമ്പഴങ്ങളുടെ വലിയ ശേഖരം കാണികൾക്ക് കൗതുകമായി. ജീവിതത്തിൽ ഇതുവരെ കാണാത്ത മാമ്പഴങ്ങൾ നേരിൽ കാണാനും രുചിക്കാനും കഴിഞ്ഞതിന്റെ ആവേശത്തിലായിരുന്നു സായംപ്രഭയിലെ അംഗങ്ങൾ.

മാമ്പഴക്കൂട്ടങ്ങൾക്കൊപ്പം പഴയകാലത്തെ അനുഭവങ്ങൾ പങ്കുവെച്ചതും മാമ്പഴപ്പാട്ടുകൾ ആലപിച്ചതും പരിപാടിയെ കൂടുതൽ ആസ്വാദ്യകരമാക്കി. കുട്ടിക്കാലത്ത് മാമ്പഴം എറിയാനും പെറുക്കാനും പോയ ഗൃഹാതുരമായ ഓർമ്മകൾ വയോജനങ്ങൾ ചടങ്ങിൽ പങ്കുവെച്ചു.

പഞ്ചായത്ത് പ്രസിഡന്റ് എൻ.ടി. അബ്ദുൽ നാസർ മാമ്പഴം മുറിച്ച് സായംപ്രഭയിലെ ഏറ്റവും പ്രായം കൂടിയ വനിതാ അംഗത്തിന് നൽകിക്കൊണ്ട് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഫാത്തിമ ജലീൽ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സബ്ന ഇബ്രാഹീം, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സാദിഖ് കോടിയാട്ട്, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.വി. മൊയ്ദീൻ എന്നിവർ സംസാരിച്ചു.

പഞ്ചായത്ത് സെക്രട്ടറി ലക്ഷ്മി, വാർഡ് മെമ്പർമാരായ മുസ്തഫ, സുമയ്യ, ഫസീല ഇർഷാദ്, സജിത ടീച്ചർ, ജംസിയ ചീരങ്ങൻ, എൻ.ടി. മൈമൂന, ഹനീഫ കെ, എം.പി. അഹമ്മദ്, ചന്ദ്രൻ മോഹൻ എന്നിവരും സായംപ്രഭാ ഇംപ്ലിമെന്റിംഗ് ഓഫീസർ സമിത കുമാരി, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ലിഷ, കെയർ ഗീവർ ഇബ്രാഹീം എ.കെ. തുടങ്ങിയവരും പരിപാടിയിൽ പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}