പുഴച്ചാൽ: പുതിയ അധ്യയന വർഷത്തിലേക്ക് വിദ്യാർത്ഥികളെ വരവേൽക്കാനൊരുങ്ങുന്ന പ്രവേശനോത്സവത്തിന്റെ ഭാഗമായി, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിലെ കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്ത് എസ് എഫ് സി ക്ലബ് പുഴച്ചാൽ മാതൃകയായി.
സ്നേഹോപഹാരം എന്ന പേരിൽ ക്ലബ്ബ് സംഘടിപ്പിച്ച പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം കൂളത്ത് ഇണ്ണീൻകുട്ടി നിർവഹിച്ചു. കുട്ടികളുടെ വിദ്യാഭ്യാസപരമായ ഉന്നമനം ലക്ഷ്യമിട്ടുകൊണ്ട് ക്ലബ്ബ് നടപ്പിലാക്കുന്ന കാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായാണ് പദ്ധതി സംഘടിപ്പിച്ചത്.
പദ്ധതിയുടെ വിജയത്തിന് പിന്നിൽ പ്രവർത്തിച്ചത് ക്ലബ്ബിന്റെ വനിതാ വിംഗ് (Womens Wing) അംഗങ്ങളുടെ നേതൃത്വത്തിലുള്ള കൂട്ടായ്മയാണ്. കുട്ടികൾക്കുള്ള പഠനോപകരണങ്ങൾ സ്നേഹപൂർവ്വം പാക്ക് ചെയ്ത് വിതരണത്തിന് സജ്ജമാക്കുന്നതിൽ വനിതാ വിംഗ് അംഗങ്ങളോടൊപ്പം ജൂനിയർ മെമ്പർമാരും സജീവമായി പങ്കുചേർന്നു.
നാടിന്റെ നന്മയ്ക്കായി പ്രവർത്തിക്കുന്ന മുഴുവൻ വനിതാ അംഗങ്ങളെയും ജൂനിയർ മെമ്പർമാരെയും ക്ലബ്ബ് നേതൃത്വം പ്രത്യേകം അഭിനന്ദിച്ചു. വിദ്യാർത്ഥികളുടെ മുഖത്ത് പുഞ്ചിരി വിടർത്താൻ സാധിച്ചതിന്റെ സംതൃപ്തിയിലാണ് എസ് എഫ് സി ക്ലബ്ബ് പ്രവർത്തകർ.