എൻ എം എം എസ്‌ പരീക്ഷയിൽ ചരിത്രവിജയവുമായി കോട്ടൂർ സ്കൂൾ; സംസ്ഥാനതലത്തിൽ മൂന്നാം സ്ഥാനം!

കോട്ടക്കൽ: ദേശീയ വരുമാന അധിഷ്ഠിത മെറിറ്റ് സ്കോളർഷിപ്പ് (NMMS) പരീക്ഷയിൽ മികച്ച നേട്ടം തുടർന്ന് കോട്ടൂർ എ.കെ.എം.എച്ച്.എസ്.എസ്. ഇത്തവണ പരീക്ഷയെഴുതിയ 159 വിദ്യാർത്ഥികളും യോഗ്യത നേടിയപ്പോൾ, അതിൽ 41 പേർ 48,000 രൂപയുടെ സ്കോളർഷിപ്പിന് അർഹരായി. സ്കോളർഷിപ്പ് ജേതാക്കളുടെ എണ്ണത്തിൽ സംസ്ഥാന തലത്തിൽ തന്നെ മൂന്നാം സ്ഥാനം കരസ്ഥമാക്കിയാണ് സ്കൂൾ ഈ വർഷം വിസ്മയിപ്പിച്ചത്.

ചോദ്യപേപ്പർ ഏറെ കടുപ്പമേറിയതായതിനാൽ ഇത്തവണ കട്ട് ഓഫ് മാർക്ക് 132 ആയി കുറച്ചിരുന്നു. എന്നാൽ ഇത്തരം പ്രതികൂല സാഹചര്യങ്ങളിലും മുൻവർഷങ്ങളെ അപേക്ഷിച്ച് സ്കോളർഷിപ്പ് നേടുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിൽ വലിയ വർദ്ധനവാണ് കോട്ടൂർ സ്കൂളിലുണ്ടായത്. മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ മുന്നേറ്റത്തിന് കരുത്തുപകരുന്നതാണ് വിദ്യാലയത്തിന്റെ ഈ ഉജ്ജ്വല വിജയം.

വിജയികളായ വിദ്യാർത്ഥികളെ സ്കൂൾ മാനേജ്‌മെന്റും സ്റ്റാഫ് കൗൺസിലും ചേർന്ന് അഭിനന്ദിച്ചു. സ്കൂളിൽ നടന്ന അനുമോദന ചടങ്ങ് മാനേജർ കെ. ഇബ്രാഹീം ഹാജി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ അലി കടവണ്ടി അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക കെ.കെ. സൈബുന്നീസ, സ്‌റ്റാഫ് സെക്രട്ടറി കെ. ജൗഹർ, യു.പി. നജ്മുദ്ധീൻ, പി. ശ്രീജഷ, യു. സിന്ദു, പി.വി. ഷീജ, പി.എസ്. അശ്വതി, കെ.വി. ഷീജ, എം. സമീർ, പി. ജിജിരാജ് തുടങ്ങിയവർ പ്രസംഗിച്ചു.

മികച്ച പരിശീലനം നൽകിയ അധ്യാപകർക്കും കഠിനമായി പ്രയത്നിച്ച വിദ്യാർത്ഥികൾക്കും അഭിനന്ദന പ്രവാഹമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}