ചൂട് താങ്ങാനാവാതെ പുറത്തിറങ്ങി കിടന്നു; മലമ്പുഴയിൽ ആദിവാസി യുവാവിനെ കാട്ടാന ആക്രമിച്ചു കൊലപ്പെടുത്തി

പാലക്കാട്: മലമ്പുഴയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. അകമലവാരം ആദിവാസി ഉന്നതിയിലെ ചന്ദ്രനാണ്(45)മരിച്ചത്. വീടിന് സമീപത്തുള്ള മരത്തിന്റെ ചുവട്ടില്‍ കിടന്നുറങ്ങുകയായിരുന്നു ചന്ദ്രന്‍. പുലര്‍ച്ചെ 3.30ഓടെയായിരുന്നു കാട്ടാനയുടെ ആക്രമണം ഉണ്ടായത്. കൂടെയുണ്ടായിരുന്ന രണ്ടുപേര്‍ ഓടിരക്ഷപ്പെട്ടു.

 മലമ്പുഴ സര്‍ക്കാര്‍ ആശുപത്രിയിലെ മുന്‍ താല്‍ക്കാലിക ജീവനക്കാരനാണ് മരിച്ച ചന്ദ്രന്‍. കനത്ത ചൂടിനെത്തുടര്‍ന്ന് വീടിനകത്ത് കിടക്കാന്‍ പ്രയാസമായതിനാലാണ് ചന്ദ്രനും മറ്റ് രണ്ടുപേരും വീടിന് പുറത്തുള്ള മരച്ചുവട്ടില്‍ കിടന്നുറങ്ങിയത്. പുലര്‍ച്ചെയോടെ എത്തിയ കാട്ടാന ഇവരെ ആക്രമിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന രണ്ടുപേര്‍ ആന വരുന്നത് കണ്ട് പെട്ടെന്ന് ഓടി രക്ഷപ്പെട്ടു. എന്നാല്‍ ചന്ദ്രന് മാറാന്‍ കഴിയുന്നതിന് മുന്‍പേ ആന ആക്രമിക്കുകയും ചവിട്ടുകയുമായിരുന്നു. സംഭവസ്ഥലത്ത് വെച്ച് തന്നെ അദ്ദേഹം മരണപ്പെട്ടു. വീടിന് സമീപത്തുള്ള പുളിന്‍ചോട്ടിലാണ് ചന്ദ്രന്‍ കിടന്നിരുന്നത്.

സാധാരണഗതിയില്‍ കാട്ടാന ശല്യം കുറഞ്ഞ പ്രദേശമാണിതെന്ന് നാട്ടുകാര്‍ പറയുന്നു. അപ്രതീക്ഷിതമായി എത്തിയ കാട്ടാനയുടെ ആക്രമണം പ്രദേശവാസികളെ കടുത്ത ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു. ചന്ദ്രന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി മാറ്റി. കാട്ടാന ആക്രമണം തുടര്‍ച്ചയാകുന്ന സാഹചര്യത്തില്‍ വന്യമൃഗശല്യം തടയാന്‍ ശാശ്വത പരിഹാരം വേണമെന്ന ആവശ്യം വീണ്ടും ശക്തമാകുകയാണ്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}