വേങ്ങര: കേരള മദ്യനിരോധന സമിതി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 'തൂഫാൻ 2026'ന് ഐക്യദാർഢ്യവുമായി പ്രതിഷേധ സദസ്സും ലഹരി വിരുദ്ധ പ്രതിജ്ഞാ ചടങ്ങും സംഘടിപ്പിച്ചു. വേങ്ങരയിൽ നടന്ന ചടങ്ങ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ. മൻസൂർ കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു.
ലഹരിക്കെതിരെ 'അമ്മമാരുടെ നിലവിളി സമരം' അടക്കമുള്ള കേരള മദ്യനിരോധന സമിതിയുടെ പ്രവർത്തനം ഏറെ പ്രശംസനീയമാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. ലഹരി വിമുക്തമായ ഒരു സമൂഹത്തെ വാർത്തെടുക്കുന്നതിൽ ഇത്തരം കൂട്ടായ്മകൾ വലിയ പങ്കാണ് വഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സമിതി സംസ്ഥാന ജനറൽ സെക്രട്ടറി അസൈനാർ ഊരകം അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പ്രസിഡണ്ട് അഷ്റഫ് മനരിക്കൽ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സമിതി അംഗം പി.പി.എ. ബാവ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ചടങ്ങിൽ വേങ്ങര ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ എൻ.ടി. മൈമൂന, ജില്ലാ ജനറൽ സെക്രട്ടറി മുഹമ്മദ് ബാവ (എ.ആർ. നഗർ), സംസ്ഥാന സമിതി അംഗം സലാം മച്ചിങ്ങൽ എന്നിവർ സംസാരിച്ചു.
റൈഹാനത്ത് ബീവി, ബേബി എസ്., ഷക്കീല വേങ്ങര, റഷീദ പി.കെ., സുബൈദ എ., നദീറ എസ്., സജ്ന സി.ടി., ജമീല സി., മജീദ് കൂരിയാട്, ആഷിക് നെടുംപറമ്പ് തുടങ്ങിയവർ ആശംസകൾ നേർന്നു. അബൂബക്കർ എം. സ്വാഗതവും സക്കീന എ.കെ. നന്ദിയും പറഞ്ഞു.