ബഡ്‌സ് സ്‌കൂൾ പ്രവേശനോത്സവം: ജീവനക്കാർക്ക് ഇൻഷുറൻസ് പദ്ധതിയും 50 മാതൃകാ സ്കൂളുകളും പ്രഖ്യാപിച്ച് മന്ത്രി

വേങ്ങര: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിൽ പ്രവർത്തിക്കുന്ന ബഡ്‌സ് സ്‌കൂളുകളിലെ ജീവനക്കാർക്കായി ഇൻഷുറൻസ് പദ്ധതി ആവിഷ്‌കരിക്കുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജി. കൂടാതെ, സംസ്ഥാനത്തെ 50 ബഡ്‌സ് സ്‌കൂളുകളെ മാതൃകാ ബഡ്‌സ് സ്‌കൂളുകളായി ഉയർത്തുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. വേങ്ങര എ.ആർ. നഗർ ബ്ലിസ് ബഡ്‌സ് സ്‌പെഷ്യൽ സ്‌കൂളിൽ നടന്ന സംസ്ഥാനതല ബഡ്‌സ് സ്‌കൂൾ, ബഡ്‌സ് റിഹാബിലിറ്റേഷൻ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ബഡ്‌സ് സ്‌കൂളുകളിലെ കുട്ടികളെ താമസിപ്പിച്ച് പരിപാലിക്കുന്നതിനുള്ള സർക്കാർ പദ്ധതികൾ പരിഗണനയിലുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. നിലവിലെ സംവിധാനങ്ങളുടെ കാര്യക്ഷമത ഉറപ്പാക്കാൻ ഓഡിറ്റിങ് നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബഡ്‌സ് സ്‌കൂളുകളിലെ കുട്ടികളുടെ അമ്മമാരുടെ മാനസികാരോഗ്യം സംരക്ഷിക്കുന്നതിനായി പ്രത്യേക പരിഗണന നൽകുമെന്നും, സ്ത്രീ ശാക്തീകരണത്തിന് മുൻതൂക്കം നൽകുന്ന പദ്ധതികൾ കുടുംബശ്രീ മുഖേന നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങളുടെയും കുടുംബശ്രീയുടെയും നേതൃത്വത്തിൽ 187 ബഡ്‌സ് സ്‌കൂളുകളും 218 ബഡ്‌സ് റിഹാബിലിറ്റേഷൻ സെന്ററുകളുമാണ് നിലവിൽ പ്രവർത്തിക്കുന്നത്. 13,895 ഭിന്നശേഷി വിദ്യാർഥികളാണ് ഈ സ്ഥാപനങ്ങളിലായി പരിശീലനം നേടുന്നത്. ഇവർക്ക് പകൽസമയ പരിപാലനം, സവിശേഷ വിദ്യാഭ്യാസം, തെറാപ്പികൾ, നൈപുണ്യ വികസനം തുടങ്ങിയവ ഉറപ്പാക്കുന്നുണ്ട്.

ഉദ്ഘാടന ചടങ്ങിന് മുന്നോടിയായി മലപ്പുറം ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെ വിദ്യാർഥികൾ പങ്കെടുത്ത ഘോഷയാത്ര നടന്നു. സ്‌പെഷ്യൽ ഒളിമ്പിക്‌സിൽ ഇന്ത്യയെ പ്രതിനിധീകരിച്ച ഫാസിൽ ഊർങ്ങാട്ടിരി ഉൾപ്പെടെ വിവിധ മേഖലകളിൽ മികവ് തെളിയിച്ചവരെ മന്ത്രി ഉപഹാരം നൽകി ആദരിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാർ ഹാജി അധ്യക്ഷത വഹിച്ച ചടങ്ങിൽ സൽമാൻ കുട്ടിക്കോട് സെലിബ്രിറ്റി അതിഥിയായി പങ്കെടുത്തു. കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടർ എച്ച്. ദിനേശൻ സ്വാഗതവും ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ ബി. സുരേഷ് കുമാർ നന്ദിയും പറഞ്ഞു. വിവിധ തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, രക്ഷിതാക്കൾ, അധ്യാപകർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}