പരപ്പനങ്ങാടി: പാമ്പ് കടിയേറ്റതിനെ തുടർന്ന് ആരോഗ്യസ്ഥിതി മോശമായി രക്തം ഛർദ്ദിച്ച് താലൂക്ക് ആശുപത്രിയിലെത്തിയ യുവതിയോട് ഡ്യൂട്ടി ഡോക്ടർ ക്രൂരമായി പെരുമാറിയതായി പരാതി. പൊന്നാനി താലൂക്ക് ആശുപത്രിയിലാണ് മാനുഷിക പരിഗണന പോലും നല്‍കാതെ രോഗിയോട് ക്രൂരത കാട്ടിയത്. പാമ്പ് കടിയേറ്റ് ചികിത്സയിലിരിക്കെ അസ്വസ്ഥതകള്‍ കൂടിയതിനെ തുടർന്ന് ആശുപത്രിയിലെത്തിയ പൊന്നാനി സ്വദേശിനി ഷഹലയ്ക്കാണ് ഈ ദുരനുഭവം ഉണ്ടായത്.
ഒരു മാസം മുൻപ് പാമ്പ് കടിയേറ്റതിനെ തുടർന്ന് ചികിത്സയിലായിരുന്ന ഷഹലയ്ക്ക് പെട്ടെന്ന് കടുത്ത വേദനയും രക്തം ഛർദ്ദിലും അനുഭവപ്പെടുകയായിരുന്നു. തുടർന്ന് പഴയ ചികിത്സാ രേഖകളുമായി ആശുപത്രിയിലെത്തിയെങ്കിലും ഫയലുകള്‍ നോക്കാൻ പോലും ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ തയ്യാറായില്ല. തിങ്കളാഴ്ച ഫിസിഷ്യനെ വന്ന് കാണാനായിരുന്നു ഡോക്ടറുടെ നിർദ്ദേശം. കടുത്ത വേദനയുണ്ടെന്ന് പറഞ്ഞിട്ടും തനിക്ക് ഒന്നും ചെയ്യാൻ കഴിയില്ലെന്ന് ഡോക്ടർ നിലപാടെടുത്തു.തുടർന്ന് ഉയർന്ന ആശുപത്രിയിലേക്ക് റഫർ ചെയ്യാനുള്ള കത്ത് (കാഷ്വാലിറ്റി ലെറ്റർ) എങ്കിലും എഴുതി നല്‍കാൻ ആവശ്യപ്പെട്ടപ്പോള്‍ ‘ഇറങ്ങിപ്പോടീ പുറത്ത്, വല്ലാണ്ട് ഡയലോഗ് അടിക്കേണ്ട’ എന്ന് പറഞ്ഞ് ഡോക്ടർ ആക്രോശിക്കുകയായിരുന്നു എന്ന് ഷഹല പറയുന്നു. ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനും യുവതിയോട് വളരെ മോശമായ രീതിയിലാണ് പെരുമാറിയതെന്നും ആരോപണമുണ്ട്.
അതേസമയം , രോഗിയുടെ ഈ അവസ്ഥ കണ്ട് അവിടെയുണ്ടായിരുന്ന മറ്റ് രോഗികളും കൂട്ടിരിപ്പുകാരും ഡോക്ടറുടെ നടപടിയെ ചോദ്യം ചെയ്യുകയും യുവതിക്ക് അനുകൂലമായി സാക്ഷി പറയാൻ തയ്യാറാണെന്ന് അറിയിക്കുകയും ചെയ്തു കടുത്ത വേദനയും രക്തം ഛർദ്ദിലുമായി വീല്‍ചെയർ പോലും നല്‍കാതെയാണ് യുവതിയെ ആശുപത്രിയില്‍ നിന്നും ഇറക്കിവിട്ടത്.
തുടർന്ന് ചികിത്സ ലഭിക്കാതെ വീട്ടിലേക്ക് പോകാൻ കഴിയില്ലെന്ന അവസ്ഥയില്‍ ഷഹല പൊന്നാനി പോലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി പരാതി നല്‍കി. ചികിത്സ നിഷേധിച്ച സംഭവം മനുഷ്യാവകാശമാണന്ന് ദേശീയ മനുഷ്യാവകാശ സംഘടനയായ നാഷണൽ ഫോറം ഫോർ പീപ്പിൾസ് റേറ്റ്സ് . ക്രൂരത കാട്ടിയ ഡോക്ടർക്കെതിരെ നടപടിയെടുക്കണമെന്ന് എൻ എഫ് പി ആർ ഭാരവാഹികളായ സംസ്ഥാന വൈസ് പ്രസിഡൻറ് മനാഫ് താനൂർ, സംസ്ഥാന സെക്രട്ടറി അബ്ദുൽ റഹീം പൂക്കത്ത് തിരുരങ്ങാടി, മുസ്തഫ ഹാജി പൂത്തൻതെരു. റഷീദ് തലക്കടത്തൂർ, നിയാസ് അഞ്ചപ്പുര, നസറുദ്ദീൻ തങ്ങൾ കൊട്ടത്തല, നുസ്രത്ത് പൊന്നാനി, സമീറ കുളപ്പുറം, സുലൈഖ സലാം, എന്നിവർ സംസാരിച്ചു.