വേങ്ങര: വിദ്യാലയങ്ങൾ തുറക്കുന്നതിന് മുന്നോടിയായി സ്കൂൾ സുരക്ഷിതത്വം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഊരകം പഞ്ചായത്തിലെ മുഴുവൻ സ്കൂളുകൾക്കും പ്രഥമ ശുശ്രൂഷ കിറ്റുകൾ വിതരണം ചെയ്ത് വേങ്ങര വി.എം.സി (VMC) ഹോസ്പിറ്റൽ ശ്രദ്ധേയമായി.
ഇതുമായി ബന്ധപ്പെട്ട് നടന്ന ചടങ്ങിൽ വി.എം.സി ഹോസ്പിറ്റൽ പി.ആർ.ഒ നിയാസുദ്ധീൻ കെ.എം., ഊരകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സഫ്രീന അഷ്റഫിന് കിറ്റുകൾ കൈമാറി. ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മൻസൂർ തമ്മാഞ്ചേരി അധ്യക്ഷത വഹിച്ച ചടങ്ങിൽ പഞ്ചായത്ത് സെക്രട്ടറി ബിനോജ്, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷ കദീജ, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സെറീന എന്നിവർ സംസാരിച്ചു.
വിവിധ സ്കൂളുകളിലെ പ്രധാനാധ്യാപകരും മറ്റ് ജനപ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു. വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി വി.എം.സി ഹോസ്പിറ്റൽ നടപ്പിലാക്കിയ ഈ മാതൃകാപരമായ പ്രവർത്തനത്തെ നാട്ടുകാരും സ്കൂൾ അധികൃതരും ഏറെ അഭിനന്ദിച്ചു.