വേങ്ങര: വേങ്ങര ഗ്രാമപഞ്ചായത്ത് ഭിന്നശേഷിക്കാർക്കായി നടപ്പിലാക്കുന്ന ക്ഷേമ കാൾ സെന്ററിന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി പഞ്ചായത്ത് ഭരണസമിതി അവലോകന യോഗം സംഘടിപ്പിച്ചു.
പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലെയും ജനപ്രതിനിധികൾ, ആശാ വർക്കർമാർ, അങ്കണവാടി ടീച്ചർമാർ എന്നിവരുടെ സഹകരണത്തോടെ തയ്യാറാക്കിയ പട്ടികയിലെ ഭിന്നശേഷിക്കാരെ നേരിട്ട് ഫോണിൽ ബന്ധപ്പെട്ട് ക്ഷേമവിവരങ്ങൾ അന്വേഷിക്കുകയും പരാതികളും നിർദേശങ്ങളും ശേഖരിക്കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സ്വീകരിക്കേണ്ട തുടർനടപടികൾ ആസൂത്രണം ചെയ്യാനാണ് യോഗം ചേർന്നത്.
പ്രത്യേക ക്യാമ്പ് സംഘടിപ്പിക്കും
യോഗത്തിലെ തീരുമാനപ്രകാരം, ഭിന്നശേഷി മെഡിക്കൽ സർട്ടിഫിക്കറ്റ് ലഭിക്കാത്തവർക്കും, സർട്ടിഫിക്കറ്റ് ഉണ്ടായിട്ടും യു.ഡി.ഐ.ഡി (UDID) കാർഡ് ലഭിക്കാത്തവർക്കുമായി പ്രത്യേക രജിസ്ട്രേഷൻ ക്യാമ്പ് സംഘടിപ്പിക്കും. കൂടാതെ, കാൾ സെന്റർ വഴി ലഭിച്ച മറ്റ് പരാതികളും നിർദേശങ്ങളും പരിഗണിച്ച് വിവിധ ക്ഷേമ പദ്ധതികൾ നടപ്പിലാക്കാനും യോഗം തീരുമാനിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് എൻ.ടി. അബ്ദുൽ നാസർ യോഗത്തിൽ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഫാത്തിമ ജലീൽ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ സബ്ന ഇബ്രാഹീം എ.കെ., സാദിഖ് കോടിയാട്ട്, വി.ടി. മൊയ്തീൻ, വിവിധ വാർഡ് മെമ്പർമാർ തുടങ്ങിയവർ പങ്കെടുത്തു.
കാൾ സെന്ററിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ പ്രിൻസി ടി., പുതുപ്പറമ്പ് ഗവൺമെന്റ് പോളിടെക്നിക് കോളേജ് വിദ്യാർത്ഥികളായ അർച്ചന കെ., ജുമാന ഹസീൻ, ഫാത്തിമ ഹംന, പ്രയദർശിനി കോളേജ് വിദ്യാർത്ഥികളായ ഫാത്തിമ സഫ്ല, സിബിൽ സെറിൻ എന്നിവർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.