തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്രക്കായി നൽകുന്ന സീറോ ടിക്കറ്റിൽ ‘പ്രിയദർശിനി’ എന്ന പദ്ധതിയുടെ പേര് മലയാളത്തിലും. ആദ്യമായാണ് കെ.എസ്.ആർ.ടി.സിയുടെ ടിക്കറ്റ് മെഷീനിൽ മലയാളം ഉൾപ്പെടുന്നത്. യാത്രക്കാർക്ക് ലഭിക്കുന്നത് സീറോ ടിക്കറ്റാണെങ്കിലും ഫെയർ സ്റ്റേജും സ്ഥലവും രേഖപ്പെടുത്തുന്നതിനാൽ യാത്രയുടെ മൂല്യം മെഷീനിൽ രേഖപ്പെടുത്തും. ഇതിനുള്ള സോഫ്റ്റ്വെയർ ക്രമീകരണം മെഷീനിൽ ഏർപ്പെടുത്തി. പ്രിയദർശിനി ഫ്രീ ട്രാവൽ (പി.എഫ്.ടി) എന്ന പേരിലാണ് സൗജന്യ യാത്രക്കുള്ള ഓപ്ഷൻ. എണ്ണം മാത്രമല്ല, എത്ര രൂപയുടെ സൗജന്യയാത്ര അനുവദിച്ചുവെന്നതും കൃത്യമായി അറിയാം.
തിങ്കളാഴ്ച ഉദ്ഘാടനശേഷം രാവിലെ ഒമ്പതോടെയാണ് ടിക്കറ്റ് മെഷീനിൽ പി.എഫ്.ടി സൗകര്യം ലഭ്യമായിത്തുടങ്ങുക. ഓരോ യൂനിറ്റിലെയും ടിക്കറ്റ് മെഷീനിൽ പുതിയ സോഫ്റ്റ്വെയർ ക്രമീകരണം ഏർപ്പെടുത്താൻ ജീവനക്കാർക്ക് ചുമതല നൽകി കെ.എസ്.ആർ.ടി.സി സർക്കുലർ പുറത്തിറക്കി. സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിച്ചതിനാൽ വിദ്യാർഥിനികൾക്ക് കെ.എസ്.ആർ.ടി.സി ഓർഡിനറികളിൽ ഇനി കൺസഷൻ കാർഡ് വേണ്ടതില്ല. നിലവിൽ പ്ലസ് ടു വരെയുള്ള വിദ്യാർഥികൾക്ക് യാത്ര സൗജന്യമാണ്.
ഡിപ്പോകളിൽനിന്ന് ലഭിക്കുന്ന കൺസഷൻ കാർഡ് ഹാജരാക്കിയാണ് യാത്ര ഇളവ് നേടിയിരുന്നത്. സ്ത്രീകൾക്ക് സൗജന്യയാത്ര പ്രഖ്യാപിച്ച സാഹചര്യത്തിൽ വിദ്യാർഥിനികൾക്കുള്ള കൺസഷൻ സംവിധാനം ആവശ്യമില്ലാതായി. ഇതുസംബന്ധിച്ച നിർദേശവും ഡിപ്പോകൾക്ക് നൽകി. ഓർഡിനറി ബസുകളുടെ വാതിലുകളോട് ചേർന്ന് ‘പ്രിയദർശിനി പദ്ധതി’ എന്ന സ്റ്റിക്കർ പതിച്ചുതുടങ്ങി.
തിരുവനന്തപുരം കണിയാപുരം യൂനിറ്റിന്റെ പെരുമാതുറ റൂട്ടിലോടുന്ന സർവിസിലാണ് ഉദ്ഘാടനയാത്ര. മുഖ്യമന്ത്രിയും മന്ത്രിമാരും ഉൾപ്പെടെ 20 പേർ ബസിലുണ്ടാകും. ശേഷിക്കുന്നവർ വനിത യാത്രക്കാരും. ഉദ്ഘാടനശേഷം ബസ് സെക്രട്ടേറിയറ്റിനുള്ളിൽ എത്തിച്ചശേഷമാകും സർവിസ് തുടരുക. കെ.എസ്.ആർ.ടി.സിയിലെ ആദ്യ വനിത ഡ്രൈവർ പെരുമ്പാവൂർ യൂനിറ്റിലെ ഷീലയാണ് ഉദ്ഘാടനയാത്രക്ക് വളയം പിടിക്കുക. മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ ഗതാഗത മന്ത്രി സി.പി ജോൺ ആണ് അധ്യക്ഷൻ.