വേങ്ങര: വലിയോറ പാടത്തിലൂടെ കടലുണ്ടി പുഴയിലേക്ക് ഒഴുകുന്ന അരീക്കത്തോടിൽ മാലിന്യങ്ങൾ കുന്നുകൂടുന്നത് പ്രദേശത്തെ കർഷകരെയും നാട്ടുകാരെയും ദുരിതത്തിലാക്കുന്നു. പ്രശ്നത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് എസ്ഡിപിഐ വേങ്ങര പഞ്ചായത്ത് കമ്മിറ്റി പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകി.
വേങ്ങര അങ്ങാടിയിൽ നിന്നും മാർക്കറ്റ് റോഡ് പരിസരങ്ങളിൽ നിന്നും ഒലിച്ചെത്തുന്ന പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള ടൺകണക്കിന് അജൈവ മാലിന്യങ്ങളാണ് അരീക്കത്തോടിനെ മലിനമാക്കുന്നത്. മാലിന്യം അടിഞ്ഞുകൂടി നീരൊഴുക്ക് പൂർണ്ണമായും തടസ്സപ്പെട്ട നിലയിലാണ്.
കൃഷിഭൂമിക്ക് ഭീഷണി
കാലവർഷം ശക്തിയാർജ്ജിക്കുന്നതോടെ തോട്ടിലെ വെള്ളം കരകവിഞ്ഞ് പാടശേഖരങ്ങളിലേക്ക് ഒഴുകുകയും, മാലിന്യങ്ങൾ കൃഷിഭൂമിയിൽ അടിഞ്ഞുകൂടി കൃഷിയോഗ്യമല്ലാതാകുകയും ചെയ്യുമെന്ന ആശങ്കയിലാണ് കർഷകർ. ഇത് വരാനിരിക്കുന്ന കൃഷി സീസണിനെ സാരമായി ബാധിക്കുമെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
പകർച്ചവ്യാധി ഭീഷണി
മാലിന്യങ്ങൾ കെട്ടിക്കിടക്കുന്നത് ഡെങ്കിപ്പനി, മസ്തിഷ്കജ്വരം തുടങ്ങിയ മാരകമായ പകർച്ചവ്യാധികൾ പടർന്നുപിടിക്കാൻ കാരണമാകുമെന്ന മുന്നറിയിപ്പും എസ്ഡിപിഐ നേതാക്കൾ നൽകി. ആരോഗ്യവകുപ്പും ബന്ധപ്പെട്ട അധികൃതരും വിഷയത്തിൽ അടിയന്തരവും ശാസ്ത്രീയവുമായ ശാശ്വത പരിഹാരം കാണണമെന്ന് സംഘം ആവശ്യപ്പെട്ടു.
വർഷങ്ങളായി നാട്ടുകാരും കർഷകരും പരാതികളുമായി അധികാരികളെ സമീപിക്കുന്നുണ്ടെങ്കിലും കാര്യക്ഷമമായ നടപടികളൊന്നും ഉണ്ടായിട്ടില്ല. അധികൃതരുടെ അനാസ്ഥ തുടരുകയാണെങ്കിൽ ശക്തമായ ജനകീയ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്നും കമ്മിറ്റി മുന്നറിയിപ്പ് നൽകി.
പരാതി നൽകിയ സംഘത്തിൽ ഇല്ലിക്കോടൻ അബ്ദുനാസർ, മൻസൂർ അപ്പാടൻ, സലിം ചീരങ്ങൻ, സി.പി. അസീസ് ഹാജി എന്നിവർ പങ്കെടുത്തു.