വേങ്ങര: നാടുകാണി-പരപ്പനങ്ങാടി സംസ്ഥാനപാതയിൽ വേങ്ങര അങ്ങാടി മുതൽ ഊരകം കുറ്റാളൂർ വരെയുള്ള ഭാഗങ്ങളിൽ സീബ്രാലൈനുകൾ ഇല്ലാത്തത് കാൽനടയാത്രക്കാർക്കും വിദ്യാർത്ഥികൾക്കും വലിയ സുരക്ഷാ ഭീഷണിയാകുന്നു. റോഡ് നവീകരണത്തിന്റെ ഭാഗമായി പണി പാതിവഴിയിൽ നിലച്ചതോടെ കഴിഞ്ഞ പത്ത് വർഷമായി ഈ ഭാഗത്ത് കാര്യമായ അറ്റകുറ്റപ്പണികളൊന്നും നടന്നിട്ടില്ല. ഇതോടെ ഉണ്ടായിരുന്ന സീബ്രാലൈനുകൾ പൂർണ്ണമായും മാഞ്ഞുപോയ അവസ്ഥയിലാണ്.
തിരക്കേറിയ വേങ്ങര അങ്ങാടിയിൽ ബസ് സ്റ്റാൻഡിൽ വന്നിറങ്ങുന്ന യാത്രക്കാർക്ക് അച്ചനമ്പലം ഭാഗത്തേക്കും മറുപുറത്തെ വ്യാപാരസ്ഥാപനങ്ങളിലേക്കും പോകാൻ പാത മുറിച്ചുകടക്കുകയല്ലാതെ മറ്റ് മാർഗ്ഗങ്ങളില്ല. കൂടാതെ, സ്കൂൾ വിദ്യാർത്ഥികൾ, സർക്കാർ ഓഫീസുകളിലേക്കും ആശുപത്രിയിലേക്കും പോകുന്നവർ, ചാക്കീരി അഹമ്മദ്കുട്ടി റോഡ് കവലയിൽ ഇറങ്ങുന്നവർ എന്നിവരടക്കം നിരവധി പേരാണ് ദിവസവും ഈ പാതയിലൂടെ ജീവൻ പണയം വെച്ച് റോഡ് മുറിച്ചുകടക്കുന്നത്.
രണ്ടു വർഷം മുൻപ് നാട്ടുകാരുടെ ശക്തമായ പ്രതിഷേധത്തെത്തുടർന്ന് വേങ്ങര കുറ്റാളൂർ ജി.വി.എച്ച്.എസ്.എസിനു മുന്നിലും വേങ്ങര അങ്ങാടിയിലും സാധാരണ പെയിന്റ് ഉപയോഗിച്ച് സീബ്രാവരകൾ വരച്ചിരുന്നുവെങ്കിലും, അതും ഇതിനകം മാഞ്ഞുപോയി.
അടിയന്തര നടപടിക്കായി ആവശ്യം ശക്തം
സ്കൂൾ തുറന്ന സാഹചര്യത്തിൽ വിദ്യാർത്ഥികളുടെ സുരക്ഷ മുൻനിർത്തി അടിയന്തരമായി സീബ്രാവരകൾ തെളിയിക്കണമെന്ന ആവശ്യം രക്ഷിതാക്കളും അധ്യാപകരും ശക്തമാക്കുന്നു. പ്രധാന കവലകളിൽ സിഗ്നൽ ബോർഡുകളും, സ്കൂൾ പരിസരങ്ങളിൽ സ്പീഡ് ബ്രേയ്ക്കറുകളും സ്ഥാപിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.
"കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ വേങ്ങര പ്രധാന റോഡിൽ സീബ്രാവരയും സിഗ്നൽ ബോർഡും അടിയന്തരമായി വേണം. മാർക്കറ്റ് റോഡിൽ സ്‌കൂൾ പരിസരത്ത് നെയിം ബോർഡും സ്പീഡ് ബ്രേയ്ക്കറും സ്ഥാപിക്കണമെന്ന ആവശ്യം പലതവണ ഉന്നയിച്ചതാണ്."
— എ.കെ. ഫൈസൽ, പി.ടി.എ. പ്രസിഡന്റ്, ജി.എം.വി.എച്ച്.എസ്.എസ്. വേങ്ങര ടൗൺ.
പഞ്ചായത്ത് നടപടിയിലേക്ക്
വിഷയത്തിൽ അടിയന്തര ഇടപെടലുണ്ടാകുമെന്ന് വേങ്ങര ഗ്രാമപ്പഞ്ചായത്ത് അധികൃതർ അറിയിച്ചു. സീബ്രാവരകൾ മാഞ്ഞുകിടക്കുന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും, ഇത് പൊതുമരാമത്ത് വകുപ്പിന്റെ ചുമതലയിലാണെന്നും പഞ്ചായത്ത് പ്രസിഡന്റ് വ്യക്തമാക്കി.
"വിഷയം പരിഹരിക്കാൻ പഞ്ചായത്ത് തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എൻജിനീയർക്ക് തിങ്കളാഴ്ച കത്ത് നൽകിയിട്ടുണ്ട്."
— എൻ.ടി. അബ്ദുൾ നാസർ, വേങ്ങര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്.