മൂന്നിയൂർ: വികസനക്കുതിപ്പിനു പുതുമുഖം നൽകിയെത്തിയതാണ് ആറുവരിപ്പാത. മഴക്കാലമെത്തിയാൽ ഇതിലൂടെ ദുരിതമനുഭവിക്കുന്ന വലിയൊരു ജനവിഭാഗമുണ്ട്. ദേശീയപാതയോരത്തെ വീട്ടുവളപ്പുകൾ, പ്രാദേശിക റോഡുകൾ, ഇടവഴികൾ, കിണറുകൾ തുടങ്ങിയ ഇടങ്ങളിലേക്കാണ് ആറുവരിപ്പാതയിലെ വെള്ളമൊഴുകിയെത്തുന്നത്. ശക്തമായൊരു മഴ പെയ്തുകഴിഞ്ഞാൽ ഇവിടങ്ങളിലാകെ മലിനജലം കെട്ടിനിൽക്കും. ചിലയിടങ്ങളിൽ അതിശക്തമായ ഒഴുക്കായിരിക്കും. ആറുവരിപ്പാതയിൽനിന്ന് മഴവെള്ളം ഒഴുക്കിവിടുന്നതിന് ശാസ്ത്രീയമായ ശാശ്വതപരിഹാരങ്ങളൊന്നും ചെയ്തിട്ടില്ലെന്നാണ് ആക്ഷേപം. കഴിഞ്ഞ മഴക്കാലത്ത് ഇതേ ദുരിതം അനുഭവിച്ചവരോട് പുറംതിരിഞ്ഞുനിന്ന അധികൃതർ ഗ്രാമപ്പഞ്ചായത്ത് അധികൃതർ പരിഹാരമുണ്ടാക്കട്ടെ എന്ന നിലപാട് എടുത്തതായും ആരോപണമുണ്ട്. മൂന്നിയൂരിലെ തലപ്പാറ, വെളിമുക്ക്, പാലക്കൽ, പടിക്കൽ, ചേളാരി തുടങ്ങിയ സ്ഥലങ്ങളിലെല്ലാം വലിയ ദുരിതമാണുള്ളത്. സർവീസ് റോഡരികിൽ ദേശീയപാത അതോറിറ്റി ചെറിയൊരു ഓട നിർമ്മിച്ചിട്ടുണ്ടെങ്കിലും ആറുവരിപ്പാതയിൽനിന്നുള്ള വൻതോതിലുള്ള വെള്ളം ഒഴുക്കുന്നതിന് ഇത് പര്യാപ്തമല്ലെന്നാണ് പരാതി. ഓട നിറഞ്ഞൊഴുകുന്ന വെള്ളം പരിസരങ്ങളിലും വെള്ളക്കെട്ടുണ്ടാക്കുന്നു. അറുപതിലേറെ വീട്ടുകാരാണ് മലിനജലത്താൽ ദുരിതമനുഭവിക്കുന്നത്.
മൂന്നിയൂരിൽ ദേശീയപാത വികസനം ശാപമാകുന്നു; മഴവെള്ള ദുരിതത്തിൽ അറുപതിലേറെ കുടുംബങ്ങൾ
admin
Tags
Malappuram