എ.ആർ. നഗർ: ലോക ബാലവേല വിരുദ്ധ ദിനത്തിൽ ബാലവേലയെന്ന സാമൂഹിക വിപത്തിനെതിരെ വേറിട്ട പ്രതിഷേധവുമായി എ.ആർ. നഗർ പുകയൂർ ജി.എൽ.പി.എസിലെ കൊച്ചുകൂട്ടുകാർ. സ്കൂൾ അങ്കണത്തിൽ കുട്ടികൾ തീർത്ത 'കുരുന്നു മതിൽ' ഏവരുടെയും ശ്രദ്ധയാകർഷിച്ചു.
'പേനയാണ് ഞങ്ങളുടെ പണിയായുധം' എന്ന മുദ്രാവാക്യമുയർത്തിപ്പിടിച്ചാണ് വിദ്യാർത്ഥികൾ പ്രതിഷേധത്തിൽ അണിനിരന്നത്. കയ്യിൽ പേനയും പെൻസിലുകളും ഉയർത്തിപ്പിടിച്ച്, കുട്ടികൾക്ക് തൊഴിലിടങ്ങളല്ല, വിദ്യാലയങ്ങളാണ് വേണ്ടതെന്ന ശക്തമായ സന്ദേശം അവർ സമൂഹത്തിന് പകർന്നുനൽകി.
സ്കൂൾ അങ്കണത്തിൽ സംഘടിപ്പിച്ച ചടങ്ങിന് എച്ച്.എം ഇൻ ചാർജ് രാധിക നേതൃത്വം നൽകി. അധ്യാപികയായ ശാരി സി. കുട്ടികൾക്ക് ബാലവേല വിരുദ്ധ സന്ദേശം നൽകി. "കുട്ടിക്കാലം പഠിക്കാനും കളിക്കാനുമുള്ളതാണ്. ബാലവേല അനുഭവിക്കുന്ന സാഹചര്യങ്ങൾ എവിടെക്കണ്ടാലും അതിനെതിരെ പ്രതികരിക്കാൻ ഓരോ കുട്ടിയും തയ്യാറാകണം," എന്ന് അവർ ഓർമ്മിപ്പിച്ചു.
വിദ്യാലയത്തിലെ മുഴുവൻ വിദ്യാർത്ഥികളും പങ്കാളികളായ പരിപാടിയിൽ അധ്യാപകരായ കെ. സദഖത്തുള്ള, എ.പി. നൂർജഹാൻ, പി. ഷഹന, കെ. റജില തുടങ്ങിയവർ സംബന്ധിച്ചു.