വേങ്ങര: സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ കന്നുകാലികൾക്കായി ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ എട്ടാം ഘട്ട പ്രതിരോധ കുത്തിവെപ്പിന് തുടക്കമായി. വേങ്ങര ഗ്രാമപ്പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ ഷാഹിന നിയാസി ഉദ്ഘാടനം നിർവഹിച്ചു.
ജൂൺ 19-ന് ആരംഭിച്ച പദ്ധതി 18 പ്രവൃത്തിദിവസങ്ങൾക്കുള്ളിൽ പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. ജില്ലയിലെ ആകെയുള്ള 86,925 പശുക്കളെയും 15,049 എരുമകളെയും പ്രതിരോധ കുത്തിവെപ്പിന്റെ പരിധിയിൽ കൊണ്ടുവരും. കുത്തിവെപ്പ് നടപടികൾ കാര്യക്ഷമമാക്കുന്നതിനായി ജില്ലയിലുടനീളം 128 പ്രത്യേക സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. ഈ സംഘങ്ങൾ നേരിട്ട് വീടുകളിലെത്തി കന്നുകാലികൾക്ക് കുത്തിവെപ്പ് നൽകും.
മൃഗസംരക്ഷണ വകുപ്പ് ജില്ലാ ഡെപ്യൂട്ടി ഡയറക്ടർ ഡോ. ഷൗക്കത്തലി വടക്കുംപാടം അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. കെ. ഷാജി മുഖ്യപ്രഭാഷണം നടത്തി. വേങ്ങര ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫാത്തിമ ജലീൽ ചോലക്കൻ, മുഹമ്മദ് സാദിഖ് കോടിയാട്ട്, ഡോ. യു. സലീൽ നിലമ്പൂർ, ഡോ. നീന ആന്റണി സഖറിയ, ഡോ. പി. ഫവാസ്, ഡോ. സനൂദ് മുഹമ്മദ്, എ. ഷമിം തുടങ്ങിയവർ സംസാരിച്ചു.