വേങ്ങര: വയോസൗഹൃദ പദ്ധതികൾക്ക് ജില്ലാതല നൂതന കമ്മിറ്റിയിൽ അർഹമായ പരിഗണന ലഭിക്കുന്നില്ലെന്ന് കാണിച്ച് വേങ്ങര ഗ്രാമപഞ്ചായത്ത് ഭരണസമിതി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജിക്ക് നിവേദനം നൽകി.
പഞ്ചായത്തുകളെ വയോസൗഹൃദമാക്കുന്നതിന്റെ ഭാഗമായി ആവിഷ്കരിക്കുന്ന നൂതന പദ്ധതികൾ ജില്ലാ കളക്ടറുടെ അധ്യക്ഷതയിലുള്ള കമ്മിറ്റിക്ക് സമർപ്പിക്കാറുണ്ട്. എന്നാൽ, ഇത്തരം പദ്ധതികൾക്ക് കമ്മിറ്റി കാര്യമായ പരിഗണന നൽകുന്നില്ലെന്ന് ഭരണസമിതി ചൂണ്ടിക്കാട്ടുന്നു.
വയോജനങ്ങൾക്കായി മുൻവർഷങ്ങളിൽ വിജയകരമായി നടപ്പിലാക്കി വന്ന ചാരുകസേര വിതരണം, വിനോദയാത്ര, പോഷകാഹാര കിറ്റ് വിതരണം തുടങ്ങിയ ജനപ്രിയ പദ്ധതികൾക്ക് പോലും ഈ വർഷം അംഗീകാരം ലഭിച്ചില്ല. ജില്ലയിലെ ഒരു പഞ്ചായത്തിനും ഇത്തരം പദ്ധതികൾ അനുവദിക്കാത്തത് വലിയ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
വയോജനങ്ങൾക്ക് മാനസിക ഉല്ലാസവും പുതിയ പ്രതീക്ഷകളും നൽകുന്ന പദ്ധതികൾ തടയുന്നത് അംഗീകരിക്കാനാവില്ലെന്ന് പഞ്ചായത്ത് ഭരണസമിതി അറിയിച്ചു. വിഷയത്തിൽ അടിയന്തരമായി ഇടപെടാമെന്ന് മന്ത്രി ഉറപ്പുനൽകി.
നിവേദനം സമർപ്പിച്ച സംഘത്തിൽ വേങ്ങര ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി ചെയർപേഴ്സൺ സബ്ന ഇബ്രാഹിം എ.കെ., വികസന സ്ഥിരംസമിതി ചെയർമാൻ സാദിഖ് കോടിയാട്ട്, വാർഡ് അംഗങ്ങളായ എ.കെ. മജീദ്, ഹനീഫ കെ., ഫസീല ഇർഷാദ്, മുസ്തഫ പാക്കട എന്നിവർ പങ്കെടുത്തു.