മുൻ മന്ത്രിയും തവനൂർ മുൻ എംഎൽഎയുമായ ഡോ: കെ ടി ജലീൽ സിപിഎം അംഗത്വം സ്വീകരിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം പരസ്യമാക്കിയത്. 2006 മുതൽ പാർട്ടിയുടെ സഹയാത്രികനായി പ്രവർത്തിച്ചിരുന്ന ജലീൽ, തനിക്ക് പൊതുജീവിതത്തിൽ വലിയ പിന്തുണയും കരുത്തും നൽകിയ പ്രസ്ഥാനമാണ് സിപിഎം എന്ന് കുറിച്ചു.
സഹയാത്രികനായിരിക്കെത്തന്നെ പിണറായി വിജയനും എം വി ഗോവിന്ദനും നയിച്ച സംസ്ഥാന ജാഥകളിൽ അംഗമാക്കിയത് പാർട്ടി തന്നിൽ അർപ്പിച്ച വിശ്വാസത്തിന്‍റെ തെളിവാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നാല് തവണ എംഎൽഎയായും അഞ്ച് വർഷം മന്ത്രിയായും പ്രവർത്തിക്കാൻ അവസരം നൽകിയ പാർട്ടിയോട് എന്നും കടപ്പെട്ടിരിക്കുമെന്നും ജലീൽ വ്യക്തമാക്കി.
"വർഗീയ-ഫാഷിസ്റ്റ് ശക്തികൾക്കെതിരെ ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ പ്രാധാന്യം വർധിച്ച സാഹചര്യത്തിലാണ് ഈ തീരുമാനം. മതന്യൂനപക്ഷങ്ങളുടെ സംരക്ഷണത്തിൽ ഇടതുപക്ഷത്തിന്റെ പങ്ക് നിർണായകമാണ്. ബംഗാളിലെ സാഹചര്യം കേരളത്തിൽ ഉണ്ടാകാതിരിക്കാൻ സിപിഎം ശക്തമായി നിലനിൽക്കേണ്ടതുണ്ട്." എന്ന്
കെ ടി ജലീൽ ഫേസ്ബുക്കിൽ കുറിച്ചു.
മതവിശ്വാസികൾക്ക് സിപിഎം അംഗത്വം സ്വീകരിക്കാൻ കഴിയില്ലെന്ന പ്രചാരണം ചില വർഗീയ ശക്തികളുടെ നീക്കമാണെന്ന് ജലീൽ ആരോപിച്ചു. വിശ്വാസിയും കമ്മ്യൂണിസ്റ്റുകാരനും ഒരേസമയം ആകാൻ കഴിയുമെന്ന് നിരവധിപേർ തെളിയിച്ചിട്ടുണ്ടെന്നും, തെറ്റുകൾ കണ്ടെത്തുമ്പോൾ തിരുത്താനും ആളുകളെ മാറ്റിനിർത്താനും മടിക്കാത്ത രാഷ്ട്രീയ സംസ്കാരമാണ് ഇടതുപക്ഷത്തിനുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.