മമ്പുറം നേർച്ചയോടനുബന്ധിച്ചുള്ള മതപ്രഭാഷണ പരമ്പരക്ക് തുടക്കമായി.
തിരൂരങ്ങാടി(മമ്പുറം): ചേർത്തു പിടിക്കലിന്റെ മമ്പുറം തങ്ങൾ പുതിയകാലത്തിന് മാതൃകയാണെന്ന് പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങൾ. 188-ാം മമ്പുറം ആണ്ടുനേർച്ചയോടനുബന്ധിച്ചു നടന്ന മതപ്രഭാഷണ പരമ്പര ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു തങ്ങൾ. കലുഷിതമായ നവയുഗത്തിന് മമ്പുറം തങ്ങളുടെ മതസൗഹാർദ്ദവും ചേർത്തുനിർത്തലും വലിയ മാതൃകയാണെന്നും ആരെയും മാറ്റിനിർത്താതെ എല്ലാവരെയും ജാതി-മത, വർണ, വർഗ്ഗ വ്യത്യാസമില്ലാതെ ഉൾക്കൊണ്ടു ജീവിക്കലുമാണ് യഥാർത്ഥ പരിഹാരമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദാറുൽ ഹുദാ ജോയിന്റ് സെക്രട്ടറി സി.എച്ച് മുഹമ്മദ് ത്വയ്യിബ് ഫൈസി അധ്യക്ഷനായി. അബ്ദുസ്സമദ് പൂക്കോട്ടൂർ മുഖ്യപ്രഭാഷണം നടത്തി. പി. അബ്ദു ശക്കൂർ ഹുദവി ചെമ്മാട് സ്വാഗതം പറഞ്ഞു. ബി.എസ്.കെ തങ്ങൾ, യു. മുഹമ്മദ് ശാഫി ഹാജി ചെമ്മാട്, അലി ഫൈസി പാവണ്ണ, കെ.സി മുഹമ്മദ് ബാഖവി, ഹംസ ഹാജി മൂന്നിയൂര്‍, കെ. പി ചെറീദ് ഹാജി, കാമ്പ്രത്ത് ബാവ ഹാജി തുടങ്ങിയവര്‍ പങ്കെടുത്തു.
ഇന്ന് രാത്രി നടക്കുന്ന മതപ്രഭാഷണ സദസ്സ് പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങൾ ഉദ്‌ഘാടനം ചെയ്യും. മുനീർ ഹുദവി വിളയിൽ പ്രഭാഷണം നിർവഹിക്കും. ഞായർ രാത്രി സയ്യിദ് മുഈനലി ശിഹാബ് തങ്ങൾ മതപ്രഭാഷണ സദസ്സ് ഉദ്‌ഘാടനം ചെയ്യും. നവാസ് മന്നാനി പനവൂർ പ്രഭാഷണം നടത്തും. മതപ്രഭാഷണ പരമ്പരയുടെ അവസാന ദിനമായ തിങ്കളാഴ്ച രാത്രി സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ പരിപാടി ഉദ്ഘാടനം ചെയ്യും. സൈനുൽ ആബിദ് ഹുദവി ചേകന്നൂർ പ്രസംഗിക്കും.
ചൊവ്വ രാത്രി മമ്പുറം തങ്ങള്‍ അനുസ്മരണവും ഹിഫ്‌ള് സനദ് ദാനവും പ്രാര്‍ത്ഥനാ സദസ്സും നടക്കും.
സമാപന ദിവസമായ 24ന് ബുധനാഴ്ച രാവിലെ എട്ട് മണി മുതല്‍ അന്നദാനം നടക്കും. പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് അബ്ദുർറഹ്മാൻ ജിഫ്രി തങ്ങൾ കോഴിക്കോട് അധ്യക്ഷനാവും. വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി വിശിഷ്ടാതിഥിയാകും. ഉച്ചയ്ക്ക് ഒന്നരക്ക് സമസ്‌ത അധ്യക്ഷൻ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ നേതൃത്വത്തിലുള്ള ഖത്മ് ദുആ സദസ്സോടെ ഒരാഴ്ചക്കാലം നീണ്ടുനിൽക്കുന്ന മമ്പുറം ആണ്ടുനേർച്ചയ്ക്ക് പരിസമാപ്തിയാവും.