പ്രഥമ മമ്പുറം തങ്ങൾ പൈതൃക പുരസ്കാരം സമ്മാനിച്ചു

തിരൂരങ്ങാടി: കേരള മുസ്‌ലിം പൈതൃക പഠന ഗവേഷണ കേന്ദ്രമായ മമ്പുറം തങ്ങൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസർച്ച് ആൻഡ് ഹെരിറ്റേജ് സ്റ്റഡീസിൻ്റെ പ്രഥമ മമ്പുറം തങ്ങൾ പൈതൃക പുരസ്‌കാരം പ്രമുഖ ഭാഷാ ഗവേഷകനും ഗ്രന്ഥകാരനുമായ കെ. അബൂബക്കറിന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം ഷാജി സമ്മാനിച്ചു. 10,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. 

188 -ാം മമ്പുറം ആണ്ടുനേർച്ചയോട് അനുബന്ധിച്ച് നടന്ന മമ്പുറം തങ്ങൾ സെമിനാറിലാണ് പുരസ്‌കാരം സമർപ്പിച്ചത്. അറബി മലയാള ഭാഷ, സാഹിത്യം, മാപ്പിള പൈതൃക പഠനം എന്നീ മേഖലകളില്‍ അദ്ദേഹം നല്‍കിയ ദീര്‍ഘകാല സംഭാവനകളെ പരിഗണിച്ചാണ് പുരസ്‌കാരം.

കാലിക്കറ്റ് സർവകലാശാല പ്രൊഫസർ ഡോ. കെ. എസ്. മാധവന്‍,   ഡോ. എം. എച്ച്. ഇല്യാസ് (എം.ജി. സർവകലാശാല), സയ്യിദ് അഷ്‌റഫ് തങ്ങള്‍ (മാപ്പിള ഹെരിറ്റേജ് ലൈബ്രറി), പി. കെ. മുഹമ്മദ് ശരീഫ് (പി.എസ്.എം.ഒ. കോളേജ്) എന്നിവരടങ്ങിയ ജൂറിയാണ് അദ്ദേഹത്തെ തിരഞ്ഞെടുത്തത് .

കൊടുവള്ളിയിലെ വലിയപറമ്പില്‍ 1964-ല്‍ ജനിച്ച കെ. അബൂബക്കര്‍, കോടഞ്ചേരി ഗവ. കോളേജ്, മലബാര്‍ ക്രിസ്ത്യന്‍ കോളേജ്, കേരള സര്‍വകലാശാല എന്നിവിടങ്ങളിലായി പഠനം പൂര്‍ത്തിയാക്കി. മലയാളത്തില്‍ എം.എയും ബി.എഡും നേടിയ അദ്ദേഹം 1990-ല്‍ അധ്യാപനരംഗത്തേക്ക് പ്രവേശിച്ചു. 2022-ല്‍ സര്‍വീസില്‍ നിന്ന് വിരമിച്ചു.

അറബി മലയാള സാഹിത്യ-ഗവേഷണ മേഖലയില്‍ ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയ അദ്ദേഹം മാപ്പിള പൈതൃക പഠന മേഖലയില്‍ ധാരാളം ഗവേഷണ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിക്കുകയും ഇവ്വിഷയകമായി കേരളത്തിലുടനീളം നൂറോളം വേദികളില്‍ പ്രഭാഷണങ്ങളും നടത്തിയിട്ടുണ്ട്. മോയിന്‍കുട്ടി വൈദ്യരുടെ സമ്പൂര്‍ണ കൃതികള്‍ (സമാഹരണം), അറബിമലയാളം വിവരണാത്മക ഗ്രന്ഥസൂചി (കോ. എഡിറ്റര്‍), മലയാളത്തിലെ ഇശല്‍ വഴികള്‍ (എഡിറ്റര്‍), അറബി മലയാളം: ഭാഷ സാഹിത്യം സംഗീതം (എഡിറ്റര്‍), വൈദ്യരുടെ കാവ്യലോകം, ടി. ഉബൈദ് (ജീവചരിത്രം), മുസ്ലിംകളുടെ സാംസ്‌കാരിക പൈതൃകം തുടങ്ങിയവ പ്രധാന കൃതികളാണ്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}