പ്രകൃതിവിഭവങ്ങളുടെ മധുരവുമായി എളമ്പുലാശ്ശേരി എ.എൽ.പി സ്കൂളിൽ 'ചക്കക്കൂട്ടാനും ചോറും'

തേഞ്ഞിപ്പലം: നാട്ടുരുചികളും പ്രകൃതിവിഭവങ്ങളും കുട്ടികൾക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ എളമ്പുലാശ്ശേരി എ.എൽ.പി സ്കൂളിൽ വേറിട്ടൊരു ഭക്ഷ്യമേള സംഘടിപ്പിച്ചു. 'ചക്ക കൂട്ടാനും ചോറും' എന്ന പേരിൽ സംഘടിപ്പിച്ച പരിപാടിയിൽ പ്രകൃതിദത്ത വിഭവങ്ങളെ പരമാവധി പ്രയോജനപ്പെടുത്തുക എന്ന സന്ദേശമാണ് കുട്ടികൾക്ക് പകർന്നുനൽകിയത്. സ്കൂൾ അങ്കണത്തിലും പരിസരങ്ങളിലും വിളഞ്ഞ പ്ലാവിലെ ചക്കകൾ ഉപയോഗിച്ച് സ്വാദിഷ്ടമായ ചക്ക എരിശ്ശേരി തയ്യാറാക്കി കുട്ടികൾക്ക് ഉച്ചഭക്ഷണത്തോടൊപ്പം വിതരണം ചെയ്തു.
നാടൻ വിഭവങ്ങളുടെ പ്രാധാന്യവും അവയുടെ പോഷകഗുണങ്ങളും പുതിയ തലമുറയ്ക്ക് മനസ്സിലാക്കിക്കൊടുക്കാൻ ഇത്തരം പ്രവർത്തനങ്ങളിലൂടെ സാധിക്കുമെന്ന് സ്കൂൾ അധികൃതർ വ്യക്തമാക്കി. കുട്ടികൾ തന്നെ നേരിട്ട് ചക്കകൾ ശേഖരിക്കുന്നതിലും അതിന്റെ പ്രക്രിയകളിൽ പങ്കാളികളാകുന്നതിലും വലിയ ആവേശമാണ് പ്രകടിപ്പിച്ചത്.
പൂർണ്ണമായും പ്രകൃതിദത്തമായ രീതിയിൽ തയ്യാറാക്കിയ എരിശ്ശേരിയും ചോറും കുട്ടികൾക്ക് ഏറെ പ്രിയങ്കരമായി മാറി. ജങ്ക് ഫുഡുകൾക്ക് പകരം പ്രകൃതി വിഭവങ്ങൾ എന്ന സ്കൂൾ പരിസ്ഥിതി ക്ലബിന്റെ ഭക്ഷ്യ സുരക്ഷ ക്യാംപെയിന്റെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കിയത്. ഹെഡ് മിസ്ട്രസ് 
ഇ എൻ ശ്രീജ,പരിസ്ഥിതി ക്ലബ് കോർഡിനേറ്റർ പി മുഹമ്മദ് ഹസ്സൻ,എം അഖിൽ ,കെ അമ്പിളി എന്നിവർ നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}