തിരൂരങ്ങാടി: തിരൂരങ്ങാടിയിൽ പ്രവർത്തിക്കുന്ന സർക്കിൾ ഇൻസ്പെക്ടർ ഓഫീസ് നിലവിലെ സ്ഥലത്തുനിന്നും മാറ്റാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഓഫീസ് തിരൂരങ്ങാടിയിൽ തന്നെ നിലനിർത്തണമെന്നാവശ്യപ്പെട്ട് അബ്ദുറഹ്മാൻ നഗർ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി മുഖ്യമന്ത്രി, ആഭ്യന്തര വകുപ്പ് മന്ത്രി, സ്ഥലം എം.എൽ.എ, ഡി.ജി.പി, ജില്ലാ പോലീസ് മേധാവി എന്നിവർക്ക് ഇമെയിൽ മുഖേന നിവേദനം നൽകി.
പ്രദേശത്തെ ക്രമസമാധാന പാലനത്തിനും പോലീസിന്റെ പ്രവർത്തനക്ഷമതയ്ക്കും ഓഫീസ് നിലവിലെ സ്ഥലത്ത് തുടരുന്നത് അനിവാര്യമാണെന്ന് യൂത്ത് ലീഗ് ചൂണ്ടിക്കാട്ടി. ഓഫീസ് മാറ്റാനുള്ള നീക്കം പ്രദേശവാസികൾക്കിടയിൽ വലിയ ആശങ്കയാണ് ഉണ്ടാക്കിയിരിക്കുന്നത്. അതിനാൽ വിഷയത്തിൽ അടിയന്തര ഇടപെടൽ വേണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.
നിവേദനം നൽകുന്നതുമായി ബന്ധപ്പെട്ട യോഗത്തിൽ അബ്ദുറഹ്മാൻ നഗർ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് ഭാരവാഹികളായ റഷീദ് കൊണ്ടാണത്ത്, കെ.കെ. സകരിയ, മുസ്തഫ ഇടത്തിങ്ങൽ, സി.കെ. ജാബിർ, ആഷിഖ് അലി കാവുങ്ങൽ, ചോലക്കൻ സിദ്ദീഖ്, ഷറഫലി മാട്ര, കെ.ടി. കബീർ എന്നിവർ പങ്കെടുത്തു.