വേങ്ങര: വായനവാരാഘോഷത്തിന്റെ ഭാഗമായി വ്യത്യസ്തവും പുതുമയാർന്നതുമായ പരിപാടികളുമായി കെ.എം.എച്ച്.എസ്.എസ് കുറ്റൂർ നോർത്ത്. വായനയുടെ ലോകത്തേക്ക് ഓരോ കുട്ടിയെയും എത്തിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച 'പുസ്തക താലപ്പൊലി' ശ്രദ്ധേയമായി. നൂറോളം വിദ്യാർത്ഥികൾ അണിനിരന്ന ഈ ഘോഷയാത്ര വായനവാരാഘോഷത്തിന് ഉജ്ജ്വല തുടക്കമായി.
ചടങ്ങിൽ ഫെല്ല മെഹക്ക് എന്ന വിദ്യാർത്ഥിനി രചിച്ച 'മഴപാടങ്ങൾ' എന്ന നോവലിന്റെ പ്രകാശനം നടന്നു. കൂടാതെ, ശാരീരിക വെല്ലുവിളികളെ അതിജീവിച്ച് ചരിത്രം കുറിച്ച മഹദ്‌വ്യക്തികളുടെ ജീവിതം പകർത്തിയെഴുതിയ കയ്യെഴുത്തുമാസികയും പ്രകാശനം ചെയ്തു.
വായന വാരത്തോട് അനുബന്ധിച്ച് വൈവിധ്യമാർന്ന ഒട്ടേറെ പരിപാടികളാണ് വിദ്യാലയത്തിൽ ഒരുക്കിയിട്ടുള്ളത്. പുസ്തക ചർച്ച, വായന സന്ദേശം നൽകൽ, സാഹിത്യകാരന്മാരെ പരിചയപ്പെടൽ, ക്വിസ് മത്സരം, പുസ്തകാസ്വാദന കുറിപ്പ് തയ്യാറാക്കൽ, പത്രവായന, കാവ്യ കൂട്ടം, സംസ്കൃതം ഗദ്യപാരായണം തുടങ്ങിയവ വരും ദിവസങ്ങളിൽ നടക്കും.
ഉദ്ഘാടന ചടങ്ങിൽ പ്രധാനാധ്യാപിക എസ്. ഗീത അധ്യക്ഷത വഹിച്ചു. പി.എസ്. സുജിത്ത് കുമാർ (ഡി.എച്ച്.എം), പി. സംഗീത, ഷൈജു കാക്കഞ്ചേരി, ബിന്ദു കമ്മൂത്ത്, ശ്രീജ, ദിൽന എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.